Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബഹുനില കെട്ടിടങ്ങളിൽ...

ബഹുനില കെട്ടിടങ്ങളിൽ ഒതുങ്ങുന്നു, ആരോഗ്യ മേഖലയുടെ വികസനം

text_fields
bookmark_border
ബഹുനില കെട്ടിടങ്ങളിൽ ഒതുങ്ങുന്നു, ആരോഗ്യ മേഖലയുടെ വികസനം
cancel

പത്തനംതിട്ട: ഒരു വിഭാഗം ഡോക്ടർമാർ റഫർ ചെയ്യാനുള്ള സംവിധാനമായി ജില്ലയിലെ ആശുപത്രികളെ മാറ്റുമ്പോഴും ജനപ്രതിനിധികളുടെ താൽപര്യം കോടികൾ മുടക്കിയുള്ള അടിസ്ഥാന സൗകര്യവികസനത്തിൽ ഒതുങ്ങുന്നു. ബഹുനില കെട്ടിടങ്ങൾ ചൂണ്ടികാട്ടി, ആരോഗ്യ മേഖലയിൽ വലിയ വികസനം കൊണ്ടുവന്നു എന്ന് പറഞ്ഞ് മേനിനടിക്കുകയാണ് നേതാക്കൾ. പക്ഷേ, അതിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ആരും അന്വേഷിക്കുന്നില്ല. ആവശ്യമായ പരിശോധന സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും കുറവ് ചൂണ്ടിക്കാട്ടിയാണ് കൂടുതലും രോഗികളെ 60 കിലോ മീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജിലേക്ക് പറഞ്ഞയക്കുന്നത്. രോഗിക്ക് മികച്ച ചികിത്സ ലഭിക്കണമെന്ന ഡോക്ടറുടെ ആത്മാർഥത കൊണ്ടാണ് റഫർ ചെയ്യുന്നത് എന്ന് ന്യായം പറയുമ്പോഴും ഇവർ ചൂണ്ടിക്കാട്ടുന്ന ഇവിടുത്തെ കുറവുകൾ പരിഹരിക്കുന്നതിൽ ആർക്കും താൽപര്യമില്ല.

ആനയെ വാങ്ങാൻ കാശുണ്ട്, തോട്ടി വാങ്ങാൻ കാശില്ല എന്നതാണ് ഇക്കാര്യത്തിലെ പൊതുവായ സമീപനം. പണിത് കൂടുതൽ ഭാഗവും ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങൾക്കുവേണ്ടി ചെലവഴിച്ചതിന്‍റെ ചെറിയൊരു ശതമാനം തുകയുണ്ടെങ്കിൽ ആവശ്യമായ പരിശോധന സംവിധാനങ്ങൾ ഒരുക്കാൻ കഴിയും. പക്ഷേ, ഉപകരണങ്ങൾ വാങ്ങാതിരിക്കുന്നതിലാണ് പലർക്കും താൽപര്യം. ഇനി വാങ്ങിയാൽതന്നെ അവ പെട്ടെന്നുതന്നെ കേടാകുകയും ചെയ്യും. റഫർ ചെയ്യുന്ന ഡോക്ടർക്ക് ആരെങ്കിലും ചോദിച്ചാൽ പറയാൻ ഒരു കാവണവുമായി. ആശുപത്രി ഉപകരണങ്ങൾ കേടാകുന്നതും കാത്തിരിക്കുന്ന സ്ഥാപനങ്ങൾ ആശുപത്രി പരിസരങ്ങളിൽ ഏറെയുണ്ട്. രോഗം ഗുരുതരമാകുമ്പോഴും, പരിക്ക് സാരമുള്ളതാകുമ്പോഴും മികച്ച സംവിധാനങ്ങളുള്ള ആശുപത്രിയിലേക്ക് റഫറർ ചെയ്യേണ്ടി വരുന്നത് സ്വാഭാവികമാണ്. പക്ഷേ, അങ്ങനെയൊന്നുമല്ലാത്ത സാഹചര്യത്തിലും ഇത് ചെയ്യുന്നു എന്നതാണ് ഗൗരവതരം. ജനറൽ ആശുപത്രിയിൽനിന്നും, ജില്ലാ ആശുപത്രിയിൽനിന്നുമൊക്കെ അടുത്ത കാലത്ത് റഫർ ചെയ്ത കേസുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.

സംസ്ഥാനത്തുതന്നെ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജാണ് കോട്ടയത്തേത്. ഇവിടേക്ക് അനാവശ്യമായി രോഗികളെ റഫർ ചെയ്ത് അയക്കുന്നതിലൂടെ ഫലത്തിൽ അവിടുത്തെ സംവിധാനത്തിന് ‘പണികൊടുത്ത്’ ശല്യം ചെയ്യുകയാണ്. സ്വന്തം നാട്ടിൽ ലഭിക്കേണ്ട ചികിത്സക്ക് മറ്റ് ദൂരെ സ്ഥലങ്ങളിലേക്ക് പോകേണ്ടി വരുമ്പോൾ പാവപ്പെട്ട രോഗികളും ബന്ധുക്കളും അനുഭവിക്കുന്ന ബുദ്ധിമുട്ട് വേറെയും. ഇങ്ങനെയെങ്കിൽ ഇവിടെ ഒരു മെഡിക്കൽ കോളജ് അടക്കം ഇത്രയുമൊക്കെ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും എന്തിന് എന്നാണ് ചോദ്യം.

Show Full Article
TAGS:localnews Pathanamthitta healthcare 
News Summary - The development of the healthcare sector is confined to multi-story buildings
Next Story