
എൻ.ഡി.എയുടെ പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി
text_fieldsപത്തനംതിട്ട: എൻ.ഡി.എ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന വിജയ് റാലിയിൽ പങ്കെടുക്കാൻ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്ന് ആയിരക്കണക്കിന്ന് പ്രവർത്തകരാണ് എത്തിയത്.
ഒരു ലക്ഷത്തോളം പേർക്ക് ഇരിക്കാൻ വലിയ പന്തൽ ഒരുക്കിയിരുന്നു. രാവിലെ ഒമ്പതുമുതലേ പ്രവർത്തകർ എത്തിക്കൊണ്ടിരുന്നു. 11.30 ആയതോടെ പന്തലും പരിസരവും നിറഞ്ഞുകവിഞ്ഞു. ഇതിനുശേഷം ആരെയും സ്റ്റേഡിയത്തിലേക്ക് കടത്തിവിട്ടില്ല. പിന്നീട് വന്നവർ പൂങ്കാവ് - കോന്നി റോഡിൽ നിന്നു. മൂന്ന് കിലോമീറ്ററോളം ദൂരത്തിലാണ് റോഡിൽ ജനം കൂടിനിന്നത്.
ഉച്ചക്ക് 1.45ന് പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ വായുസേനയുടെ പ്രത്യേക ഹെലികോപ്ടറിലാണ് മോദി വന്നിറങ്ങിയത്. കനത്ത സുരക്ഷയാണ് ജില്ല സ്റ്റേഡിയത്തിന് ചുറ്റും ഒരുക്കിയിരുന്നത്. മോദി സ്റ്റേഡിയത്തിൽ വന്നിറങ്ങുന്നത് കാണാൻ ധാരാളംപേർ എത്തിയിരുന്നെങ്കിലും സുരക്ഷാസേന ഒഴിപ്പിച്ചു. സ്റ്റേഡിയത്തിന് ചുറ്റും സുരക്ഷാവേലിയും തീർത്തിരുന്നു.
ഹെലികോപ്ടറിൽനിന്ന് ഇറങ്ങിയ മോദിയെ ബി.ജെ.പി നേതാക്കൾ സ്വീകരിച്ചു. തുടർന്ന് പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിലേക്ക് റോഡുമാർഗം തിരിച്ചു. കൊടുന്തറ, വാഴമുട്ടം, താഴൂർക്കടവ്, പൂങ്കാവ് വഴിയാണ് കാറിൽ ഇൻഡോർ സ്റ്റേഡിയത്തിലെത്തിയത്. പ്രവർത്തകർ വഴിയിലുടനീളം അഭിവാദ്യം അർപ്പിക്കാൻ കാത്തുനിന്നിരുന്നു. 2.15 ഓടെ വേദിയിലേക്ക് നരേന്ദ്ര മോദി പ്രവേശിച്ചയുടൻ ജനക്കൂട്ടത്തിനിടയിൽനിന്ന് ഹർഷാരവം ഉയർന്നു. മോദിക്ക് ജയ് വിളികളും ഭാരത് മാതാ കീ ജയ് വിളികളും നിലയ്ക്കാത്ത കരഘോഷവുമായിരുന്നു.
ജനസഞ്ചയത്തെ നോക്കി ഇരുകൈയും വീശി അദ്ദേഹം അഭിവാദ്യം ചെയ്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ജില്ല സെക്രട്ടറി അശോകൻ കുളനട ആറന്മുള കണ്ണാടിയും സമ്മാനിച്ചു. പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലത്തിന് പുറെമ ചെങ്ങന്നൂർ, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളും വിജയ് റാലിയിൽ പങ്കെടുത്തു. കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷെപ്പടുത്തി.
മോദിയെത്തി; കോന്നി ഇളകി
കോന്നി: പ്രധാനമന്ത്രി മോദിയെ കാണാൻ ഒത്തുകൂടിയത് വൻ ജനസഞ്ചയം. വേദിയൊരുക്കിയ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ മൈതാനവും ഇവിടേക്കുള്ള വഴികളും ജനങ്ങളെകൊണ്ട് നിറഞ്ഞു. ശരണം വിളികളോടെയാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. അതിനൊപ്പം ജനവും ഏറ്റുവിളിച്ചു. വേദിയിലേക്ക് എത്തിയ മോദി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കോന്നിയിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ കെ. സുരേന്ദ്രെൻറ പ്രസംഗം കേട്ട ശേഷമാണ് പ്രസംഗം തുടങ്ങിയത്.
പത്തനംതിട്ട ജില്ലയിലേ അഞ്ച് നിയോജക മണ്ഡലം, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ, കൊല്ലം ജില്ലയിെല കൊട്ടാരക്കര, പത്തനാപുരം നിയോജക മണ്ഡലങ്ങളിെല എൻ.ഡി.എ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തിയത്.
പ്രവർത്തകരിൽ ആവേശം വാരിവിതറിയാണ് പ്രധാനമന്ത്രി പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയത്. ആളെ കയറ്റിവിടാൻ തുടങ്ങി ഒറ്റ മണിക്കൂർകൊണ്ട് പ്രധാന പന്തലിെല ഇരിപ്പിടങ്ങൾ നിറഞ്ഞുകവിഞ്ഞു.
പിന്നീട് പ്രവർത്തകർക്ക് അകത്തേക്ക് കടക്കാൻ സാധിക്കാതായതോടെ പൂങ്കാവ്-കോന്നി റോഡും ഉപറോഡുകളും നിറഞ്ഞുകവിഞ്ഞതോടെ പ്രവർത്തകർ സമീപപ്രദേശത്തേ സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിൽ സ്ഥാനം ഉറപ്പിച്ചു.