കുരമ്പാലയിൽ മോഷണ പരമ്പര; ആറിടത്ത് മോഷണശ്രമം, ഒരുവീട്ടിൽ കവർച്ച
text_fieldsമോഷണം നടന്ന കുരമ്പാല ദിനേശ്കുമാറിന്റെ വീട്ടിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
പന്തളം: കുരമ്പാലയിൽ രണ്ട് ഭാഗങ്ങളിലായി ആറുവീടുകളിൽ മോഷണശ്രമവും ഒരു വീട്ടിൽ കവർച്ചയും നടന്നു. പന്തളം കുരമ്പാല തെക്ക് ഗൗരീശത്തിൽ ദിനേശ്കുമാറിന്റെ ഭാര്യ രജിതയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. രണ്ടേകാൽ പവന്റെ മാലയും രണ്ടുപവന്റെ കൊലുസുകളുമാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു മോഷണം.
ദിനേശ്കുമാറും കുടുംബവും മൂകാംബിക യാത്ര കഴിഞ്ഞ് ചൊവ്വാഴ്ച വൈകീട്ടാണ് മടങ്ങിയെത്തിയത്. കാലിൽ ആരോ തൊടുന്നതായി തോന്നിയ രജിത ബഹളം വെച്ചതിനെ തുടർന്ന് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. മേശപ്പുറത്തിരുന്ന ഇവരുടെ ബാഗ് മോഷ്ടാക്കൾ തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വീട്ടിലെ അലമാരയും തുറന്നുപരിശോധിച്ചിട്ടുണ്ട്.
ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. കുരമ്പാല തെക്ക്, പെരുമ്പാലൂർ ക്ഷേത്രത്തിന് സമീപമുള്ള വീടുകളിലാണ് മോഷണശ്രമം നടന്നത്. അടുക്കള ഭാഗം കേന്ദ്രീകരിച്ച് മോഷണശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
പന്തളം, കുരമ്പാല തെക്ക്, കരൂർ വീട്ടിൽ വിനോദ് കുമാർ, കോടിയാട്ട് ഗോപിനാഥക്കുറുപ്പ്, ശ്രീരാഗത്തിൽ ശ്രീകുമാർ എന്നിവരുടെ വീടുകളിലും, അരക്കിലോമീറ്റർ അകലെ കുരമ്പാലയിൽ പെരുമ്പാലൂർ ക്ഷേത്രത്തിന് സമീപമുള്ള ഭഗവതി വടക്കേതിൽ ലളിത, നന്മ വീട്ടിൽ പ്രസന്ന, മുകളയ്യത്ത് മധു, കച്ചിറ മണ്ണിൽ രാജു എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു.
എല്ലാ വീടുകളുടെയും അടുക്കള ഭാഗം വഴി അകത്തുകയറാനാണ് മോഷ്ടാക്കൾ ശ്രമിച്ചത്. ചില വീടുകളിൽ അടുക്കള വാതിലിന് പുറത്തായി ഇരുമ്പ് പട്ട സ്ഥാപിച്ചിരുന്നതിനാൽ മോഷ്ടാക്കൾക്ക് തുറക്കാൻ കഴിഞ്ഞില്ല. പന്തളം സബ് ഇൻസ്പെക്ടർ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.