ജില്ലയിൽ 1225 പോളിങ് സ്റ്റേഷൻ; 17 ബൂത്തുകൾ പ്രശ്നബാധിതം
text_fieldsപ്രതീകാത്മക ചിത്രം
ജില്ലയിൽ 53 ഗ്രാമ പഞ്ചായത്തുകളിലായി 833 വാർഡിലും ഏട്ട് ബ്ലോക്ക് പഞ്ചായത്തിലായി 114 വാർഡിലും ജില്ല പഞ്ചായത്തിൽ 17 ഡിവിഷനിലുമാണ് വോട്ടെടുപ്പ്. മുനിസിപ്പാലിറ്റികളിലെ 135 വാർഡിലും ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും.
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 1225 പോളിങ് സ്റ്റേഷനുകൾ. ഇതിൽ 17 എണ്ണം പ്രശ്നബാധിതമാണ്. ഇവിടെ വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കിയതായി കലക്ടർ എസ്. പ്രേംകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ 53 ഗ്രാമ പഞ്ചായത്തുകളിലായി 833 വാർഡിലും ഏട്ട് ബ്ലോക്ക് പഞ്ചായത്തിലായി 114 വാർഡിലും ജില്ല പഞ്ചായത്തിൽ 17 ഡിവിഷനിലുമാണ് വോട്ടെടുപ്പ്. മുനിസിപ്പാലിറ്റികളിലെ 135 വാർഡിലും ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും. ജില്ലയിൽ ആകെ 4,90,838 പുരുഷ വോട്ടർമാരും 5,71,974 സ്ത്രീ വോട്ടർമാരും മൂന്ന് ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടെ ആകെ 10,62,815 വോട്ടർമാരാണുള്ളത്. ജില്ലയിൽ 1640 പുരുഷന്മാരും 1909 സ്ത്രീകളും ഉൾപ്പെടെ ആകെ 3549 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്.
വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന ബാലറ്റ് പേപ്പർ സെറ്റ് ചെയ്യുന്ന നടപടികൾ പൂർത്തിയായി. ഇത് ജില്ലയിലെ 12 സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ട്രോങ് റൂമുകൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ പോളിങ് ഡ്യൂട്ടിയിലേക്കായി 1474 പ്രിസൈഡിങ് ഓഫിസർമാരെയും 1474 ഫസ്റ്റ് പോളിങ് ഓഫിസർമാരെയും 2948 പോളിങ് ഒഫീഷ്യൽസിനെയും നിയോഗിച്ചിട്ടുണ്ട്.
വോട്ടിങ് മെഷീനുകളുടെയും തെരഞ്ഞെടുപ്പ് സാമഗ്രികളുടെയും വിതരണം തിങ്കളാഴ്ച 12 കേന്ദ്രങ്ങളിൽ നടക്കും. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ ഇടപെടുന്നതിനും വിവര ശേഖരണത്തിനുമായി 107 സെക്ടറൽ ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. പൂർണമായും ഹരിതചട്ടം പാലിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള കർശന നിർദ്ദേശം എല്ലാ വരണാധികാരികൾക്കും നൽകിയിട്ടുണ്ട്.
മാതൃക പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ആന്റി ഡിഫെയ്സ്മെന്‍റ് സ്ക്വാഡ് ജില്ല തലത്തിലും താലൂക്ക് തലങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ സെൻസിറ്റീവ് ബൂത്തുകളായ 17 പോളിങ് സ്റ്റേഷനുകളിലും വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. വെബ് കാസ്റ്റിങ്, പോൾ മാനേജർ എന്നിവയുടെ നിരീക്ഷണത്തിനായി കലക്ടറേറ്റിൽ കൺട്രോൾ റൂം ക്രമീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയായിരിക്കുമെന്നും കലക്ടർ അറിയിച്ചു.
ഓരോ ബ്ലോക്ക് പരിധിയിലും ഉൾപ്പെട്ട പോളിങ് സ്റ്റേഷനുകൾ
നഗരസഭകളിലെ പോളിങ് സ്റ്റേഷനുകൾ


