തിരുവല്ശയിൽ ശക്തി യു.ഡി.എഫിന്; വിജയം ഇടതിനും
text_fieldsപത്തനംതിട്ട: യു.ഡി.എഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തിരുവല്ല. പക്ഷേ, 15 വർഷമായി ഇടതുമുന്നണിക്കാണ് വിജയം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ജനതാദളിലെ മാത്യു ടി. തോമസിലൂടെയാണ് തിരുവല്ല ഇടതുമുന്നണി നിലനിർത്തുന്നത്. യു.ഡി.എഫിലെ കാലുവാരൽ നയമാണ് ഇവിടെ ഇടതിന് എം.എൽ.എയെ സമ്മാനിക്കുന്നത്.
എൽ.ഡി.എഫ് ഘടകകക്ഷിയായ ജനതാദളിനും യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസിനുമാണ് തിരുവല്ലയിൽ സീറ്റ് നൽകുന്നത്. കേരള കോൺഗ്രസ് സ്ഥാനാർഥിയെ അവരിലെതന്നെ ഒരു വിഭാഗം കാലുവാരും. ഒപ്പം കോൺഗ്രസുകാരുടെ കാലുവാരൽ വേറെയും. ഇരുകൂട്ടരും ഒത്തുശ്രമിക്കുേമ്പാൾ വിജയം എൽ.ഡി.എഫ് കൊണ്ടുപോകുന്ന കാഴ്ചയാണ് ആവർത്തിക്കപ്പെടുന്നത്.
സംസ്ഥാനത്ത് മാർത്തോമ സഭക്ക് നിർണായക സ്വാധീനമുള്ള ഏക മണ്ഡലമാണ് തിരുവല്ല. കേരള കോൺഗ്രസുകളുടെ ആഴത്തിൽ വേരോട്ടമുള്ള മണ്ഡലം. ജനപ്രതിനിധികളുടെ മരണം മൂലം രണ്ടുതവണയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
1957ൽ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐയുടെ ജി. പത്മനാഭൻ തമ്പി കോൺഗ്രസിലെ ടി. കുരുവിള തോമസിനെ പരാജയപ്പെടുത്തി. '60ൽ രണ്ടാംവട്ടം പത്മനാഭൻ തമ്പി കോൺഗ്രസിലെ പി. ചാക്കോയോട് തോറ്റു. '65ൽ കോൺഗ്രസിെൻറ കുര്യൻ ജോസഫിനെ കേരള കോൺഗ്രസിെല ഇ.ജോൺ ജേക്കബ് പരാജയപ്പെടുത്തി. '67ലും ഇ. ജോൺ ജേക്കബ് വിജയിച്ചു. എസ്.എസ്.പിയുടെ പി.കെ. മാത്യുവായിരുന്നു എതിരാളി. '70ലും ഇവർ ഏറ്റുമുട്ടി. അന്ന് പത്മനാഭൻ തമ്പിയും മത്സരത്തിനുണ്ടായിരുന്നെങ്കിലും ഇ. ജോൺ ജേക്കബ് തന്നെ വിജയിച്ചു. പത്മനാഭൻ തമ്പി മൂന്നാം സ്ഥാനത്തായി. '77 ലും കേരള കോൺഗ്രസുകൾ തമ്മിലായിരുന്നു പോര്. ജോൺ ജേക്കബ് വള്ളക്കാലിയെ പരാജയപ്പെടുത്തി ഇ. ജോൺ ജേക്കബ് നാലാമതും വിജയിച്ചു.
മന്ത്രിയായിരിക്കെ ജോൺ ജേക്കബ് മരിച്ചതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതിനൊപ്പമായിരുന്ന ജനതാപാർട്ടിയുടെ പി.സി. തോമസ് െതരഞ്ഞെടുക്കപ്പെട്ടു. 1980ൽ വീണ്ടും പി.സി. തോമസ് കേരള കോൺഗ്രസിെൻറ വർഗീസ് കരിപ്പയിലിനെ തോൽപിച്ചു. '82ൽ പി.സി. തോമസ് ഉമ്മൻ തലവടിയെയും പരാജയപ്പെടുത്തി. 1987ലായിരുന്നു നിലവിലെ എം.എൽ.എ മാത്യു ടി. തോമസിെൻറ ആദ്യ മത്സരം. സ്വതന്ത്രനായി മത്സരിച്ച പി.സി. തോമസിനെ അദ്ദേഹം പരാജയപ്പെടുത്തി. '91ൽ പേക്ഷ രണ്ടാമങ്കത്തിൽ മാത്യു ടി. തോമസ് കേരള കോൺഗ്രസ് എമ്മിെൻറ മാമ്മൻ മത്തായിയോട് തോറ്റു.
'96ൽ മാമ്മൻ മത്തായി ജനതാദളിലെ ഉമ്മൻ തലവടിയെ തോൽപിച്ച് മണ്ഡലം നിലനിർത്തി. 2001ൽ വീണ്ടും മാമ്മൻ മത്തായി വിജയിച്ചു. ജനതാദളിലെ വർഗീസ് ജോർജായിരുന്നു എതിരാളി. മാമ്മൻ മത്തായിയുടെ മരണെത്ത തുടർന്ന് നടന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിെൻറ ഭാര്യ എലിസബത്ത് മാമ്മൻ മത്തായി വർഗീസ് ജോർജിനെ തോൽപിച്ചു. 2006ലും 2011ലും മാത്യു ടി. തോമസ് കേരള കോൺഗ്രസിലെ വിക്ടർ ടി. തോമസിനെ പരാജയപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോസഫ് എം. പുതുശ്ശേരിയായിരുന്നു മാത്യു ടി. തോമസിെൻറ എതിരാളി.
ഒരിക്കൽക്കൂടി മത്സരത്തിന് മാത്യു ടി. തോമസ് ശ്രമിക്കുേമ്പാൾ മണ്ഡലം സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്. മറുഭാഗത്ത് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ മത്സരിക്കാൻ താൽപര്യപ്പെട്ടെന്ന് പറഞ്ഞ് പാർട്ടിയിൽ അദ്ദേഹത്തിനെതിരെ വലിയ പടയൊരുക്കമാണ് നടന്നത്്.
ഇതിന് പിന്നാലെ കേരള കോൺഗ്രസിൽനിന്ന് മണ്ഡലം ഏറ്റെടുക്കണമെന്ന വികാരം കോൺഗ്രസിൽ ശക്തമാണ്. കേരള കോൺഗ്രസിനാണ് സീറ്റ് ലഭിക്കുന്നതെങ്കിൽ ജോസഫ് എം. പുതുശ്ശേരി സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്.