പുതിയകാവ് സ്കൂളിൽ വീണ്ടും മോഷണശ്രമം
text_fieldsമോഷണ ശ്രമം നടന്ന നെടുമ്പ്രം പുതിയകാവ് ഗവ.ഹൈസ്കൂളിൽ പുളിക്കീഴ് പൊലീസ്
പരിശോധന നടത്തുന്നു
തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവ. ഹൈസ്കൂളിൽ മോഷണശ്രമം. സ്കൂളിലെ ഓഫിസ് മുറിയും സ്റ്റാഫ് മുറിയും കമ്പ്യൂട്ടർ മുറിയും കുത്തിത്തുറന്ന മോഷ്ടാക്കൾ ഏഴ് അലമാരകളുടെ പൂട്ടുകളും തകർത്തു. ഓഫിസിലെ പ്രധാന അലമാര കുത്തി തുറന്ന് ഉള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽക്കൂട്ടം ഉപയോഗിച്ചാണ് മറ്റ് അലമാരകൾ തുറന്നത്. എന്നാൽ, സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.
പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണികളുടെ ഭാഗമായി ശനിയാഴ്ച രാവിലെ എട്ടോടെ തൊഴിലാളികൾ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പഞ്ചായത്തംഗം ജിജോ ചെറിയാൻ പുളിക്കീഴ് പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
കമ്പ്യൂട്ടർ ലാബിലും ഓഫിസ് മുറിയിലുമായി സൂക്ഷിച്ച വിലപിടിച്ച വസ്തുക്കൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാന അധ്യാപിക സി. ബിന്ദു കൃഷ്ണ പറഞ്ഞു. രണ്ടു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് സ്കൂളിൽ മോഷണവും മോഷണശ്രമവും ഉണ്ടായത്. പ്രധാന അധ്യാപിക നൽകിയ പരാതിയിൽ കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.