കാർ വീണത് രണ്ടാൾ താഴ്ചയുള്ള കുളത്തിലേക്ക്; ഞെട്ടൽ മാറാതെ മന്നംകരച്ചിറ
text_fieldsമന്നംകരച്ചിറയിൽ കുളത്തിലേക്ക് മറിഞ്ഞ കാർ വടം കെട്ടി കരക്ക് അടുപ്പിച്ച നിലയിൽ
തിരുവല്ല: കാർ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറാതെ മന്നംകരച്ചിറ നിവാസികൾ. കാവുംഭാഗം - മുത്തൂർ റോഡിൽ ശ്രീനാരായണപുരം ക്ഷേത്രത്തിന് മുമ്പിൽ വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ കാരയ്ക്കൽ സ്വദേശി ജയകൃഷ്ണൻ, മുത്തൂർ ചാലക്കുഴി സ്വദേശി ഐബി എന്നിവരാണ് മരണപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്ന മുത്തൂർ സ്വദേശി അനന്തു നിസ്സാര പരിക്കോടെ രക്ഷപ്പെട്ടിരുന്നു.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഭയാനക ശബ്ദവും നിലവിളിയും കേട്ടാണ് സമീപവാസി സണ്ണി തോമസ് ഉണർന്നത്. പ്രദേശത്തെ വൈദ്യുതി ബന്ധവും നിലച്ചിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയാതെ ടോർച്ചും എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങിയ സണ്ണി അയൽപക്കത്തെ മൂന്ന് സുഹൃത്തുക്കളെയും കൂട്ടി ശബ്ദം കേട്ട് മന്നം ജങ്ഷനിലേക്ക് എത്തി.
അപ്പോഴാണ് കുളത്തിന്റെ കരയോട് ചേർന്ന് ചെടിയിൽ പിടിച്ചുകിടന്ന് നിലവിളിക്കുന്ന അനന്തുവിനെ കണ്ടത്. ഇയാളാണ് കാറും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും കുളത്തിൽ വീണതായി പറഞ്ഞത്. ഇതിനിടെ ബഹളം കേട്ട് സമീപവാസികൾ പലരും സ്ഥലത്ത് എത്തി.
ഇതിനിടെ മൂന്ന് പേർ കുളത്തിൽ ചാടി കാർ കണ്ടെത്തി. തിരുവല്ല പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേനയും എത്തി. തുടർന്ന് വടം ഉപയോഗിച്ച് വലിച്ചുകെട്ടി കാർ കരക്കടുപ്പിച്ചു. തുടർന്നാണ് ജയകൃഷ്ണനെയും ഐബിയെയും പുറത്തെടുത്തത്. ഇരുവരെയും ആംബുലൻസിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജയകൃഷ്ണൻ മരണപ്പെട്ടിരുന്നു.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് തലക്ക് ഗുരുതര പരിക്കേറ്റ ഐബി മരിച്ചത്. അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നു. അപകട വിവരം അറിഞ്ഞ് പുലർച്ചെ മുതൽ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറുകണക്കിന് ആളുകളാണ് മന്നംകരച്ചിറയിൽ എത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ചെറുതും വലുതുമായ ഇരുപതോളം അപകടങ്ങൾ ഈ ഭാഗത്ത് നടന്നതായി പ്രദേശവാസികൾ പറഞ്ഞു. ഈ ഭാഗത്തെ വളവും ഇറക്കവും റോഡിന്റെ വീതിക്കുറവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.