സുരക്ഷാ സര്‍ട്ടിഫിക്കറ്റ് റദ്ദായി; ചാത്തങ്കരി ഗവ.ന്യൂ എൽ.പി സ്കൂള്‍ വീണ്ടും വാടക വീട്ടിലേക്ക്
text_fieldsതിരുവല്ല: സുരക്ഷാ സര്‍ട്ടിഫിക്കറ്റ് റദ്ദായതോടെ ചാത്തങ്കരി ഗവ. ന്യൂ എല്‍പി സ്കൂള്‍ വീണ്ടും വാടക വീട്ടിലേക്ക് പ്രവര്‍ത്തനം മാറ്റി. നാല് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് സ്കൂളിന്റെ പ്രവര്‍ത്തനം മാറ്റുന്നത്. ചാത്തങ്കരിയിലുളള വാടക വീട്ടിലേക്കാണ് പ്രവര്‍ത്തനം മാറ്റിയത്. 15-ാം വാര്‍ഡിലാണ് ന്യൂ എല്‍പിഎസ് പ്രവര്‍ത്തിച്ചിരുന്നത്. സ്വന്തം കെട്ടിടം ബലക്ഷയത്തിലായതോടെ സമീപത്തെ വാടക വീട്ടില്‍ കുറേനാള്‍ താത്കാലികമായി പ്രവര്‍ത്തിച്ചു. 2022-ല്‍ 13-ാം വാര്‍ഡിലുളള ചാത്തങ്കരി ഗവ. എല്‍പി എസിന്റെ ശതാബ്ദി സ്മാരക ഹാളിലേക്ക് പ്രവര്‍ത്തനം മാറ്റി.
15 വര്‍ഷം മുമ്പ് പണിതതാണ് ഈ മന്ദിരം. ഗവ. എല്‍പിഎസ് തൊട്ടപ്പുറത്ത് പുതിയതായി പണിത കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയപ്പോഴാണ് ന്യൂ എല്‍പിഎസിന് ശതാബ്ദി മന്ദിരത്തില്‍ കുട്ടികളെ ഇരുത്താന്‍ അവസരമായത്. ഈ മന്ദിരത്തിന്റെ സുരക്ഷാ സര്‍ട്ടിഫിക്കറ്റാണ് റദ്ദായത്. കെട്ടിടത്തിന്റെ ഭിത്തിക്കു വിള്ളല്‍ വീഴുകയും സീലിങ് ഇളകിവീഴുകയും ചെയ്തതോടെയാണ് സുരക്ഷ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പോയത്. 1961-ല്‍ 47 സെന്റ് സ്ഥലത്താണ് ഗവ. ന്യൂ എല്‍പി സ്കൂള്‍ തുടങ്ങുന്നത്. തുടര്‍ച്ചയായ വെള്ളപ്പൊക്കത്തില്‍ സ്കൂള്‍ കെട്ടിടം ബലക്ഷയത്തിലായി.
സ്കൂളിനു സ്വന്തമായ സ്ഥലത്തു പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് പറഞ്ഞു. പഞ്ചായത്ത് 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഒരു നില നിര്‍മിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ലഭിക്കും. ഇതുപയോഗിച്ച് മുകളില്‍ ഒരു നില നിര്‍മിക്കും. വെള്ളപ്പൊക്കകാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് താമസിക്കാനുള്ള ഷെല്‍റ്ററായി ഇതുപയോഗിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയുമുള്ള കെട്ടിടമാണ് ഇപ്പോള്‍ വാടകക്ക് ലഭിച്ചിരിക്കുന്ന കെട്ടിടം.