ആന വിരണ്ട സംഭവം; ദേവസ്വം ബോര്‍ഡിനെതിരെ ഭക്തര്‍
text_fieldsതിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തില്‍ ആന വിരണ്ടോടിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനെതിരെ ഭക്തര്‍. ഞായറാഴ്ച രാവിലെ ഇടഞ്ഞ ആനയെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് വൈകീട്ടത്തെ ശ്രീബലിക്ക് എത്തിച്ചത്. രാവിലെ നടന്ന എഴുന്നള്ളത്തിനിടെയും ഉണ്ണിക്കുട്ടന് എന്ന ആന പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. പുറത്തിരുന്നവരെ ഇറങ്ങാന്‍ സമ്മതിക്കാതെ ആന പിണങ്ങി നിന്നതായും ഭക്തര്‍ ആരോപിച്ചു.
ഈ ആനയെ വൈകീട്ട് എഴുന്നള്ളിച്ചതില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായത്. സംഭവത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടത്തെ ശ്രീബലി എഴുന്നള്ളത്തിന്റെ രണ്ടാംവലത്ത് ഗരുഡമാടത്തറക്ക് സമീപം എത്തിയപ്പോഴാണ് പ്രശ്നം തുടങ്ങിയത്.
എഴുന്നള്ളത്തിലുണ്ടായിരുന്ന പാലാ വേണാട്ട്മറ്റം ഉണ്ണിക്കുട്ടനാണ് ആദ്യം വിരണ്ട് കൂട്ടാനയായ ജയരാജനെ കുത്തിയത്. ഇതോടെ അൽപം മുന്നോട്ടു കുതിച്ച ജയരാജന് പഴയ ഊട്ടുപുരക്ക് സമീപത്തേക്ക് ഓടി. ജയരാജന്റെ മുകളിലുണ്ടായിരുന്ന കീഴ്ശാന്തി ശ്രീകുമാര്‍ താഴെ വീണെങ്കിലും ആന ശാന്തനായതിനാല്‍ അപകടം ഒഴിവായി. വേണാട്ട്മറ്റം ഉണ്ണിക്കുട്ടന് ശാസ്താംനടക്ക് സമീപത്തേക്കാണ് ഓടിയത്. ഇതിന്റെ പുറത്തിരുന്ന അനൂപിനും വീണ് സാരമായി പരിക്കേറ്റു. അധികം താമസിക്കാതെ രണ്ട് ആനകളെയും തളച്ചു.
പരിക്കേറ്റ ശ്രീലക്ഷ്മി, ശ്രേയ, ശോഭ, രേവമ്മ, രാമചന്ദ്രന്, രമേശ്, ശശികല, അശോകന് എന്നിവര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആനകളുടെ മുകളില്‍നിന്ന് വീണ കീഴ്ശാന്തിമാരായ ശ്രീകുമാറിന്റെ കാലിന് പൊട്ടലും അനൂപിന്റെ തലക്ക് പിന്നില്‍ മുറിവുമുണ്ടെന്ന് തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വനം വകുപ്പ് കേസെടുത്തു
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ ക്ഷേത്രം മാനേജർ, അസിസ്റ്റന്റ് കമീഷണറുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥ, ആന ഉടമ, പാപ്പാൻ എന്നിവരെ ഒന്നു മുതൽ നാലു വരെ പ്രതികളാക്കി വനം വകുപ്പ് കേസെടുത്തു.