തയ്യൽ മെഷീനിൽ വീട്ടമ്മയുടെ കൈവിരൽ കുടുങ്ങി; കുടുക്കഴിച്ച് അഗ്നിരക്ഷാസേന
text_fieldsസൽമയുടെ കൈവിരൽ തയ്യൽ മെഷീനിൽ കുടുങ്ങിയപ്പോൾ
തിരുവല്ല: തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിരക്ഷാസേന രക്ഷകരായി. കിഴക്കൻ മുത്തൂർ വലിയവീട്ടിൽ സൽമക്കാണ് (32) അഗ്നിരക്ഷാസേന രക്ഷകരായത്.
സ്കൂളിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മക്കൾക്ക് ധരിക്കാനുള്ള വസ്ത്രം തുന്നുന്നതിന് ഇടയിൽ സൽമയുടെ ഇടതുകൈയുടെ ചൂണ്ടുവിരലിന് മധ്യത്തിലൂടെ മെഷീന്റെ സൂചി കയറി ഇറങ്ങുകയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സൂചി ഊരി എടുക്കാൻ കഴിയാതിരുന്നതോടെ വിവരം തിരുവല്ല അഗ്നിരക്ഷാസേനയെ അറിയിച്ചു.
തുടർന്ന് സ്ഥലത്ത് എത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.കെ. ശ്രീനിവാസിന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ ഡി. ദിനുരാജ്, ആർ. രാഹുൽ, പി.എസ്. സുധീഷ് എന്നിവർ ചേർന്ന് ഏറെ ശ്രമപ്പെട്ട് മെഷീനിൽ നിന്ന് സൂചി ഊരി എടുക്കുകയായിരുന്നു. തുടർന്ന് സൽമയെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് കൈവിരലിൽ നിന്ന് സൂചി നീക്കം ചെയ്തു.