കടപ്ര പ്രാഥമികാരോഗ്യകേന്ദ്രം; അശാസ്ത്രീയ നിർമാണം, 57 ലക്ഷം തിരിച്ചുപിടിക്കാൻ ഉത്തരവ്
text_fieldsകടപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിനായി നിർമിച്ച കെട്ടിടം
തിരുവല്ല: അശാസ്ത്രീയ നിർമാണംമൂലം ഉപയോഗശൂന്യമായ കടപ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിട നിർമാണച്ചെലവ് ഭരണസമിതി അംഗങ്ങളിൽനിന്ന് തിരിച്ചുപിടിക്കാൻ നിയമസഭ ഉപസമിതിയുടെ ശിപാർശ. ഇതിനൊപ്പം സമീപത്തെ പഴയ കെട്ടിടം നവീകരിക്കാൻ ചെലവഴിച്ച പണവും അക്കാലത്തെ ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന് ഈടാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കടപ്ര പഞ്ചായത്ത് തിക്കപ്പുഴയിലെ 10 സെന്റ് സ്ഥലത്ത് 31.22 ലക്ഷം രൂപ ചെലവഴിച്ച് 1998ലാണ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനായി കെട്ടിടം നിർമാണം തുടങ്ങിയത്. പണി പൂർത്തിയാക്കി 2001ൽ ഉദ്ഘാടനവും നടത്തി. അന്നുതന്നെ സ്ഥലം ചതുപ്പാണെന്ന് ആരോപണം ഉയർന്നിരുന്നു.
പിന്നീട് പ്രവർത്തനം ആരംഭിച്ച് അഞ്ചുവർഷം പൂർത്തിയാകും മുമ്പ് പുതിയ കെട്ടിടത്തിന്റെ ഭിത്തികൾ വീണ്ടുകീറുകയും ടൈൽ പാകിയ തറ പൊട്ടി പിളരുകയും ചെയ്തു. ഇതോടെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം വാടകക്കെട്ടിടത്തിലേക്ക് മാറ്റി. ഇതിന് പിന്നാലെ പുതിയ കെട്ടിടത്തിന്റെ തകരാർ പരിഹരിക്കാതെ സമീപത്തെ പഴയ കെട്ടിടം 25.81 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു. ഇവിടേക്ക് ആരോഗ്യകേന്ദ്രം മാറ്റുകയും ചെയ്തു.
ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്ന വാടകക്കെട്ടിടം
എന്നാൽ, പ്രവർത്തനം നാലുമാസം പിന്നിട്ടപ്പോൾ പഞ്ചായത്ത് അസി. എൻജിനീയർ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് ചരിവുള്ളതായി കണ്ടെത്തി. ഇതോടെ ആരോഗ്യകേന്ദ്രം വീണ്ടും വാടകക്കെട്ടിടത്തിലേക്ക് മാറ്റി. ഈ രണ്ട് കെട്ടിടങ്ങൾക്ക് ചെലവഴിച്ച 57 ലക്ഷം രൂപയാണ് ഭരണസമിതി അംഗങ്ങളിൽനിന്ന് ഉൾപ്പെടെ തിരിച്ചുപിടിക്കാൻ ശിപാർശ ചെയ്തിരിക്കുന്നത്.
അതേസമയം, ആരിൽ നിന്നൊക്കെ എത്ര തുക വീതം തിരിച്ചുപിടിക്കണമെന്നതിൽ വ്യക്തത ഇല്ലാത്തതിനാൽ നിലവിലെ പഞ്ചായത്ത് ഭരണസമിതി ശിപാർശ നടപ്പാക്കാൻ ചുമതലയുള്ള ഓഡിറ്റ് വിഭാഗത്തിന് വിശദാംശങ്ങൾ ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുകയാണ്. ഇവരുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ഭരണസമിതിയുടെ തീരുമാനം. ഇതിനിടെ, പുതിയ കെട്ടിടം സുരക്ഷിതമല്ലെന്ന് ഗവ. എൻജിനീയറിങ് കോളജിലെ വിദഗ്ധസമിതി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവർ കെട്ടിടം ഉടൻ പൊളിച്ചുനീക്കണമെന്ന റിപ്പോർട്ടും നൽകിയിട്ടുണ്ട്.
നിലവിൽ മൂന്ന് മുറി മാത്രമുള്ള വാടകക്കെട്ടിടത്തിലാണ് ആരോഗ്യകേന്ദ്രത്തിന്റെ നിലവിലെ പ്രവർത്തനം. ഡോക്ടർ ഉൾപ്പെടെ 20 ജീവനക്കാരാണ് കേന്ദ്രത്തിലുള്ളത്. കേന്ദ്രത്തിൽ വനിത ജീവനക്കാർക്ക് വസ്ത്രം മാറാനുള്ള സൗകര്യം പോലുമില്ല. ലയൺസ് ക്ലബ് നൽകിയ താൽക്കാലിക ഷെഡിലാണ് മരുന്നുകൾ സൂക്ഷിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കാൻ ദേശീയ ആരോഗ്യ മിഷൻ ഒരുകോടി അനുവദിച്ചിട്ടുണ്ട്. എന്നാൽ, അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഇതുവരെ പഞ്ചായത്ത് അധികൃതർക്ക് സാധിച്ചിട്ടില്ല.