സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തതിന്‍റെ പ്രതികാരം; മോട്ടോർ വാഹന വകുപ്പ് വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തയാൾ പിടിയിൽ
text_fieldsഅജേഷ്
തിരുവല്ല: മോട്ടോർ വാഹന വകുപ്പ് വാഹനത്തിന്റെ താക്കോൽ ഊരിയെടുത്ത ആളെ അറസ്റ്റ് ചെയ്തു. പുളിക്കീഴ് പെരിങ്ങര, പാണാറ ഹൗസിൽ പി.എസ്. അജേഷാണ് (47) പിടിയിലായത്.
സംഭവം ഇങ്ങനെ: പത്തനംതിട്ട ജില്ല ആർ.ടി.ഒ എൻഫോഴ്സ്മെന്റ്, തിരുവല്ലാ സ്ക്വാഡിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ഷെമീറും എ.എം.വി.ഐ ഷാജി ജോസഫുമായി വ്യാഴാഴ്ച ഉച്ചക്ക് പൊടിയാടി, വൈക്കത്തില്ലത്ത് വാഹന പരിശോധന നടത്തുമ്പോൾ അമ്പലപ്പുഴ ഭാഗത്തേക്ക് പെൺകുട്ടി സ്കൂട്ടർ ഓടിച്ച് വരുന്നത് കണ്ടു. വാഹനം നിർത്തിച്ച് രേഖകളും ലൈസൻസും ആവശ്യപ്പെട്ടു. രേഖകൾ ഒന്നും കൈവശം ഇല്ലായെന്നും 17 വയസ്സാണെന്നും പെൺകുട്ടി പറഞ്ഞതിനെ തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്തു. ബന്ധപ്പെട്ടവരോട് വരാൻ പറയാൻ പെൺകുട്ടിയോട് നിർദേശിക്കുകയും ചെയ്തു.
കുറച്ചു കഴിഞ്ഞ് കുട്ടിയുടെ പിതാവ് അജേഷും മറ്റൊരാളും സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത വാഹനം വിട്ട് നൽകണമെന്ന് ആവശ്യപ്പെടുകയും കസ്റ്റഡിയിൽ എടുത്ത വാഹനത്തിന്‍റെ താക്കോൽ എ.എം.വി.ഐ ഷാജി ജോസഫിൽനിന്ന് ബലമായി പിടിച്ചെടുക്കാനും ശ്രമിക്കുകയുമായിരുന്നു. ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത സ്കൂട്ടർ വിട്ട് നൽകാതെ മോട്ടോർ വാഹന വകുപ്പിന്റെ വണ്ടിയും വിടില്ലെന്ന് പറഞ്ഞ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ വാഹനത്തിന്റെ താക്കോൽ ഊരി എടുക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പുളിക്കീഴ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും മോട്ടോർ വാഹന വകുപ്പിന്റെ വാഹനം വിട്ടുനൽകുകയും ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


