ഇരവിപേരൂര്‍ പഞ്ചായത്തിൽ ആധുനിക അറവുശാല
text_fieldsഇരവിപേരൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തനസജ്ജമായ ആധുനിക അറവുശാല
തിരുവല്ല: ഇരവിപേരൂര്‍ പഞ്ചായത്തിൽ ആധുനിക അറവുശാല പ്രവർത്തനം തുടങ്ങുന്നു. ജില്ലയിലെ ആദ്യ ആധുനിക അറവുശാലയാണ് വരുന്നത്. പരീക്ഷണപ്രവര്‍ത്തനം ഒരാഴ്ചക്കുള്ളില്‍ നടത്തും. ഒരുകോടി ഇരുപതിനായിരം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കശാപ്പ് മുതല്‍ മാലിന്യസംസ്കരണം വരെയുള്ള എല്ലാ പ്രക്രിയകളും ഇവിടെ നടത്താം. പ്രതിദിനം 10 മുതല്‍ 15 കന്നുകാലികളെ കശാപ്പ് ചെയ്യാന്‍ സാധിക്കുന്ന യന്ത്രങ്ങളാണുള്ളത്. കാലികളെയും മാംസവും കൊണ്ടുപോകാനുള്ള കട്ടിങ്മെഷീന്‍, ഹാംഗറുകള്‍, കണ്‍വെയറുകള്‍, സംഭരണസ്ഥലങ്ങള്‍, കന്നുകാലികളെ സൂക്ഷിക്കാനുള്ള പ്രത്യേക സ്ഥലങ്ങള്‍ എന്നിവയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ കന്നുകാലികളുടെ ഭാരം അളന്നു ആരോഗ്യനില പരിശോധിച്ച് ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കും. പ്രദേശവാസികള്‍ക്ക് ഇവിടെനിന്ന് വാങ്ങാനുമാകും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പി.സി.ബി) അനുമതിയും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. അറവുമാലിന്യം വിവിധഘട്ടങ്ങളിലൂടെ നീക്കംചെയ്ത് ഡ്രൈനേജ് സംവിധാനത്തിലേക്കും മാലിന്യം വളമാക്കുന്ന പ്ലാന്റിലേക്കും മാറ്റും. പ്ലാന്റില്‍ ഉൽപാദിപ്പിക്കുന്ന മാംസാവശിഷ്ടങ്ങള്‍ സംസ്കരിച്ച് നായ് ബിസ്കറ്റുകളും കോഴിത്തീറ്റയും വളവുമാക്കി മാറ്റും. കെട്ടിടത്തിന്റെ പ്രധാനഭാഗത്തിന്റെ ജോലികള്‍, വൈദ്യുതി വിതരണ ക്രമീകരണം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.
മാംസം പ്രത്യേകം സ്ലോട്ടറുകളിലായി ശാസ്ത്രീയമായി മുറിച്ച് നിശ്ചിതസമയം തണുപ്പിച്ച് ബാക്ടീരിയകളുടെ വളര്‍ച്ച തടഞ്ഞശേഷമാണ് പോഷക സമ്പുഷ്ടമാക്കുന്നതെന്ന് ഓതറ വെറ്ററിനറി ഡിസ്പെന്‍സറി സര്ജന് ഡോ. പി.എസ്. സതീഷ് കുമാര്‍ പറഞ്ഞു. ഗുണനിലവാരത്തോടെ ശുദ്ധമായ മാംസം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇരവിപേരൂര്‍ മീറ്റ്സ് എന്ന ലേബലിലാകും വിപണിയിലേക്ക് എത്തിക്കുകയെന്ന് പ്രസിഡന്റ് കെ.ബി. ശശിധരന് പിള്ള പറഞ്ഞു.