പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസ്; നവീകരണം നടക്കാത്തത് തിരുവല്ല ഭാഗത്ത് മാത്രം
text_fieldsതിരുവല്ല: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തിരക്കുള്ള റോഡിന്റെ ഗണത്തിലേക്ക് ഉയര്‍ന്ന പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസ് റോഡില്‍ നവീകരണം നടക്കാത്തത് തിരുവല്ല ഭാഗത്ത് മാത്രം. പത്തനംതിട്ട ജില്ലയില്‍പ്പെടുന്ന 400 മീറ്റര്‍ ഭാഗത്ത് മാത്രം റോഡ് സാധാരണ നിലയിലാണ്. ഇരുവശത്തും മാലിന്യം തിങ്ങിയ നിലയിലും. എം.സി. റോഡില്‍ തിരുവല്ലയിലെ പെരുന്തുരുത്തിയില്‍ നിന്നും വടക്കോട്ട് നീളുന്ന റോഡ് പുതുപ്പള്ളി, മണര്‍കാട് തുടങ്ങിയ സ്ഥലങ്ങള്‍ വഴി ഏറ്റൂമാനൂരിന് അപ്പുറം എം.സി. റോഡിലെ പട്ടിത്താനം റൗണ്ടാനയിലാണ് എത്തിച്ചേരുന്നത്. 36.3 കിലോമീറ്ററാണ് ദൂരം. ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍ പട്ടണങ്ങളെ ഒഴിവാക്കി കൊച്ചിയിലേക്കും മറ്റും പോകാനുള്ള ബൈപാസ് റോഡ്.
കോട്ടയം ജില്ലയിലെ 35.9 കിലോമീറ്റര്‍ ഭാഗവും ബി.എം.ബി.സി നിലവാരത്തില്‍ 10 വര്‍ഷം മുമ്പ് നവീകരിച്ചു. ജില്ല അതിര്‍ത്തിയിലുള്ള കല്ലുകടവ് പാലം മുതല്‍ പെരുന്തുരുത്തിവരെ ഒരു പണിയും നടത്തിയില്ല. കാലപ്പഴക്കമുള്ള പാലത്തില്‍ ഇടയ്ക്കിടെ കാടുവെട്ടി ചായം പൂശല്മാത്രം നടക്കും. പാലം വീതികൂട്ടിവേണം 400 മീറ്ററിലെ നവീകരണം പൂര്‍ത്തീകരിക്കാന്‍. പണി തുടങ്ങിയ കാലത്തുണ്ടായ ചില കേസ്സുകള്‍ മൂലം നവീകരണം തടസ്സപ്പെടുകയായിരുന്നുവെന്ന് പൊതുമരാമത്ത് അധികൃതര്‍ പറയുന്നു. ഒരു ലോറി കയറിയാല്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വീതി കല്ലുകടവ് പാലത്തിന് ഇല്ല. പാലം കഴിഞ്ഞാല്‍ റോഡിന് ഇരുവശവും ഇപ്പോള്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞത് കൂടിക്കിടപ്പുണ്ട്. 400 മീറ്ററില്‍ 200 മീറ്റര്‍ ടാറിങ്ങും 200 മീറ്റര്‍ ഇന്റര്‍ലോക്ക് കട്ടകളുമാണ് നിരത്തിയിരിക്കുന്നത്. രണ്ട് വലിയ വളവുകളും ഈ ഭാഗത്തുണ്ട്. ബൈപാസ് റോഡിന് കെ.എസ്.ടി.പി.യുടെ പുതിയ നവീകരണ പ്രോജക്ട് തയാറായി വരുന്നുണ്ട്. അന്തിമ രൂപരേഖയായിട്ടില്ല. വികസിക്കാത്ത 400 മീറ്ററും കല്ലുകടവുപാലവും ഇതില്‍ ഉള്‍പ്പെടുമോയെന്ന കാര്യത്തിലും വ്യക്തതയില്ല.