ന്യൂജൻ ബൈക്കിൽ അഭ്യാസം; പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തു
text_fieldsനമ്പർ പ്ലേറ്റ് മറച്ച് ഓടിച്ച ന്യൂജൻ ബൈക്ക് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തപ്പോൾ
തിരുവല്ല: നമ്പർ പ്ലേറ്റ് മറച്ച് ന്യൂജൻ ബൈക്കുകളിൽ എം.സി റോഡിൽ അഭ്യാസം നടത്തിയ സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തു. മൂന്നംഗ സംഘം സഞ്ചരിച്ച ബൈക്കിന്റെ ഉടമയും ബൈക്ക് ഓടിച്ച യുവാവിന്റെ മാതാവുമായ കുറ്റൂർ വെൺപാല സ്വദേശിനിക്കെതിരെയാണ് നടപടി. 7250 രൂപ എൻഫോഴ്സ്മെന്റ് വിഭാഗം പിഴയീടാക്കി. നടപടിയുടെ ഭാഗമായി യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. തിരുവല്ല പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു.
രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് പിടികൂടിയത്. നമ്പർ പ്ലേറ്റ് ഇല്ലാത്തതും പേപ്പറും കൈപ്പത്തിയും ഉപയോഗിച്ച് മറച്ചതുമായ രണ്ട് ബൈക്കിലായി ഹെൽമറ്റ് ധരിക്കാതെയും ആറംഗ സംഘം നടത്തിയ അഭ്യാസമാണ് നടപടിക്ക് ഇടയാക്കിയത്. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.
എം.സി റോഡിലെ കുറ്റൂർ മുതൽ കല്ലിശ്ശേരിവരെ സംഘം നടത്തിയ അഭ്യാസ പ്രകടനങ്ങളുടെ മൊബൈൽ ദൃശ്യം അടക്കം വാർത്തയായതിന് പിന്നാലെയാണ് നടപടി. പിടിയിലായ ബൈക്കിൽ യുവാവിന് ഒപ്പം സുഹൃത്തുക്കളായ രണ്ടുപേർകൂടി സഞ്ചരിച്ചിരുന്നു. ഈ സംഘത്തോടൊപ്പം അപകടകരമായി മൂന്നുപേരുമായി യാത്ര ചെയ്തിരുന്ന ബൈക്ക് കണ്ടെത്താനുള്ള നടപടി പൊലീസും മോട്ടോർ വാഹന വകുപ്പും ആരംഭിച്ചിട്ടുണ്ട്.
യുവാക്കളുടെ ബൈക്കിന് പിന്നിലായി കാറിൽ സഞ്ചരിച്ചിരുന്ന തിരുവല്ല നഗരസഭ കൗൺസിലർ മാത്യൂസ് ചാലക്കുഴിയാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.