റെയിൽവേയുടെ പരീക്ഷണം വിജയം; അടിപ്പാതയിലെ വെള്ളക്കെട്ടിന് പരിഹാരമായി
text_fieldsഇരുവെള്ളിപ്പറ റെയിൽവേ അടിപ്പാതയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നു
തിരുവല്ല: റെയിൽവേയുടെ പുതിയ പരീക്ഷണം ഫലം കണ്ടതോടെ വെള്ളക്കെട്ട് ഒഴിഞ്ഞ് ഇരുവെള്ളിപ്പറ അടിപ്പാത. മഴക്കാലത്ത് ഗതാഗതം നടത്തപ്പെടുന്ന രീതിയിൽ അടിപ്പാതയിൽ രൂപപ്പെട്ട വെള്ളക്കെട്ടാണ് പുതിയ പരീക്ഷണത്തിലൂടെ ഒഴിവായത്. പാതയിലെ വെള്ളം പൈപ്പിലൂടെ പുറത്ത് പണിത പ്രത്യേക ടാങ്കില്‍ എത്തിച്ച ശേഷം മോട്ടോർ ഉപയോഗിച്ച് വറ്റിച്ചുകളയുന്ന രീതിയാണ് ഇപ്പോള്‍ അവലംബിച്ചിരിക്കുന്നത്. കോൺക്രീറ്റ് ചെയ്തതാണ് ടാങ്ക്. നാലടി വിസ്താരത്തില്‍, പാതയേക്കാള്‍ ഒരുമീറ്റര്‍ താഴ്ത്തിയാണ് ടാങ്കിന്റ് അടിഭാഗം നിർമിച്ചത്. പൈപ്പുവഴി കുഴിയിലെത്തുന്ന വെള്ളം പമ്പുചെയ്ത് കളയുന്നതാണ് രീതി. രണ്ട് ദിവസമായി തുടരുന്ന കനത്തമഴയിൽ അടിപ്പാതയില്‍ വെള്ളം നിറഞ്ഞിരുന്നു. ഇതോടെ പ്രധാനപാത അടച്ചിട്ടു. പിന്നാലെയാണ് വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ പമ്പിങ് തുടങ്ങി. നാലരയാടെ അടിപാതയിലെ വെള്ളക്കെട്ട് മുഴുവനും ഒഴുക്കിവിട്ടു.
ഉറവ വെള്ളം കയറുന്നതിനു പരിഹാരമായി എന്‍.ആര് വാല്‍വ് കൂടി സ്ഥാപിക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നതായി എന്‍ജിനീയര്‍ പറഞ്ഞു. പത്തുവര്‍ഷം മുമ്പ് പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഗേറ്റ് ഒഴിവാക്കാനാണ് അടിപ്പാത പണിതത്. നിർമാണത്തിലെ അശാസ്ത്രീയത മഴക്കാലത്ത് വെള്ളക്കെട്ട് സൃഷ്ടിച്ചു. തുടര്‍ന്ന് പാതക്ക് ഇരുവശത്തും മേല്‍ക്കൂര ഇട്ടത് ഉൾപ്പെടെ അഞ്ചുതവണ വിവിധ പണികള്‍ നടത്തിയിട്ടും വെള്ളക്കെട്ട് ഒഴിവായിരുന്നില്ല. പലപണികളിലും ചെറിയതോതില്‍ വിജയം കണ്ടെങ്കിലും ശാശ്വതമായിരുന്നില്ല. അവസാനമെന്ന നിലയിലാണ് ഇപ്പോഴത്തെ പണികള്‍ നടത്തിയത്.
ടാങ്കില്‍ വെള്ളം നിറയുന്നത് അനുസരിച്ചുവേണം മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍. ഇതിന് സ്ഥിരം ആളെ നിയമിച്ചിട്ടില്ല. രാത്രിയില്‍ വെള്ളം നിറഞ്ഞാല്‍ മോട്ടോര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന കാര്യത്തിലും നിലവില്‍ വ്യക്തതയില്ല. പരീക്ഷണം വിജയകരമാകുന്ന സാഹചര്യത്തിൽ തിരുവല്ലയിലെ തന്നെ കുറ്റൂർ, തൈമരമറവുംകര എന്നീ അടിപ്പാതകളിലും ഈ രീതി അവലംബിക്കുമെന്ന് റെയിൽവേ അധികൃതർ പറയുന്നു. ആലുവ, ചാലക്കുടി എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഇതേ പരീക്ഷണം നടത്തി വിജയം കണ്ടിരുന്നതായും ഇവർ പറയുന്നു.