ബലാത്സംഗ കേസിലെ പ്രതിയെ കാപ്പ പ്രകാരം കരുതൽ തടങ്കലിലാക്കി
text_fieldsസുബിൻ അലക്സാണ്ടർ
തിരുവല്ല: തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതിയായ സുബിൻ അലക്സാണ്ടറെ കാപ്പ-3 പ്രകാരം കരുതൽ തടങ്കലിലാക്കി. വെൽനസ് സ്പായിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും നൽകാതിരുന്നതിനെ തുടർന്ന് ജീവനക്കാരിൽ ഒരാളെ ബലാത്സംഗം ചെയ്യുകയും കസ്റ്റമറുടെയും മറ്റ് ജീവനക്കാരുടെയും കൈയിൽ നിന്നും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്ത കുറ്റത്തിന് തിരുവല്ല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് സുബിൻ അലക്സാണ്ടർ. സുബിനെ 2022ൽ കാപ്പ പ്രകാരം ജില്ലയിൽനിന്നും പുറത്താക്കിയിരുന്നു. 2018 മുതൽ 19ഓളം കേസുകളിൽ പ്രതിയായ സുബിൻ അലക്സാണ്ടർ നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്ത് വരുന്നതിനാൽ തുടർന്നും കാപ്പ നടപടി സ്വീകരിക്കുന്നതിന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആറിന് കലക്ടർ സുബിൻ അലക്സാണ്ടറിനെതിരെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചു.
സ്പാ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ് വന്നിരുന്ന സുബിൻ അലക്സാണ്ടറിനെ തിരുവല്ല സ്റ്റേഷൻ ഹൗസ് ഓഫിസർ മാവേലിക്കര സബ് ജയിലിൽനിന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി പാർപ്പിച്ചു.


