തമിഴ്നാട് തീർഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഏഴു പേർക്ക് പരിക്ക്
text_fieldsതമിഴ്നാട് തീർഥാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞനിലയിൽ
തിരുവല്ല: എം.സി റോഡിലെ തിരുവല്ല തുകലശ്ശേരിയിൽ തമിഴ്നാട് സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ അശോക് (42), ജോൺ (ഏഴ്), നിഖിൽ ആൻറണി (13), ആൽബർട്ട് ജൂഡ് (49), സ്റ്റെഫി (23) എന്നിവർക്കാണ് പരിക്കേറ്റത്. തിരുനെൽവേലി മാവട്ടം കൂട്ടപ്പുളി സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
എടത്വ പള്ളിയിലേക്ക് എത്തിയ തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. നിസ്സാര പരിക്കേറ്റ രണ്ടുപേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ച അഞ്ചേ കാലോടെ തുകലശ്ശേരി ചീക്കുളത്തിൽ പടിയിൽ ആയിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തുനിന്നും വന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റുകളും മതിലും ഇടിച്ചു തകർത്തശേഷം തലകീഴായി മറിയുകയായിരുന്നു.
പരിക്കേറ്റ അഞ്ചു പേരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും രണ്ടുപേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.


