ഒഴുകിയെത്തുന്ന അപകടം; ഭീഷണിയിൽ പാലങ്ങൾ
text_fieldsമണിമലയാറ്റിലെ മനയ്ക്കച്ചിറ പാലത്തിന്റെ തൂണിൽ അടിഞ്ഞു കൂടിയിരിക്കുന്ന തടികളും മുളങ്കൂട്ടവും
തിരുവല്ല: മണിമലയാറ്റിലൂടെ ഒഴുകിയെത്തുന്ന മരങ്ങളും മുളങ്കൂട്ടവും പാലങ്ങൾക്ക് ഭീഷണിയാകുന്നു. മനക്കച്ചിറ, പുളിക്കീഴ്, കുറ്റൂർ റെയിൽവേ പാലം, തൊണ്ടറ എന്നീ പാലങ്ങളുടെ തൂണുകളിൽ തടിയും മുളകളും അടിഞ്ഞു കൂടുന്നതാണ് ഭീഷണിയാവുന്നത്. മഴക്കാലത്തെ കുത്തൊഴുക്കിൽ തീരങ്ങൾ ഇടിയുന്ന ഭാഗത്തുനിന്നും ഒഴുകിയെത്തുന്ന മരങ്ങളും മറ്റും വലിയതോതിൽ പാലങ്ങളുടെ തൂണുകളിൽ തങ്ങി നിൽക്കുകയാണ്.
ഇത് നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്. ഇങ്ങനെ തടസ്സപ്പെടുന്ന വെള്ളം പാലത്തിന്റെ തൂണുകളുടെ ബലക്ഷയത്തിന് കാരണമാകുന്നുണ്ട്. മഴക്കാലത്ത് ഒഴുകിയെത്തിയ മരങ്ങൾ തടഞ്ഞു നിന്ന് ഒഴുക്ക് തടസ്സപ്പെട്ടതാണ് 2021 കോമളം പാലത്തിൻറെ തകർച്ചക്കിടയാക്കിയത്. തിങ്ങി നിൽക്കുന്ന വെള്ളം സമീപ തീരങ്ങളിലേക്കും പുരയിടങ്ങളിലേക്കും ഇരച്ചു കയറും.
ഇത് തീരം ഇടിയുന്നതിനും നദിയുടെ ഗതിമാറ്റത്തിനും ഇടയാക്കുന്നുണ്ട്. നദിയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യത്തിനും കുറവില്ല.
വെള്ളക്കെട്ടുകളിലും തോടുകളിലും കെട്ടിനിൽക്കുന്ന പ്ലാസ്റ്റിക് മാലിന്യം മഴക്കാലത്ത് നദിയിലേക്ക് കൂട്ടത്തോടെ എത്തിച്ചേരും. ഇത് നദിയുടെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാകുന്നതായും നാട്ടുകാർ പറയുന്നു.