ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറന്മുളയിലെത്തും
text_fieldsആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തിരുവോണ സദ്യയൊരുക്കാൻ കാട്ടൂർ മഹാവിഷ്ണു
ക്ഷേത്രത്തിൽനിന്ന് വിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെടുന്നു
കോഴഞ്ചേരി: തിരുവാറന്മുളയപ്പന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് പുലർച്ച ആറന്മുളയിൽ എത്തും. ഉത്രാട സന്ധ്യയിൽ കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽനിന്ന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെട്ടു. പള്ളിയോട സേവാസംഘം ഭാരവാഹികൾ ഉൾപ്പെടെ വിവിധ പള്ളിയോട കരക്കാരും ഭക്തജനങ്ങളും വെറ്റ പുകയില നൽകി തിരുവോണ തോണിയെ യാത്രയാക്കി.
പമ്പയുടെ ഇരുകരകളിലുമുള്ള ഭക്തജനങ്ങൾ ദീപക്കാഴ്ചയൊരുക്കി തിരുവോണത്തോണിയെ സ്വീകരിച്ചു. കാട്ടൂരിൽനിന്ന് കുമാരനല്ലൂരിലേക്ക് താമസം മാറ്റിയ മങ്ങാട്ട് ഭട്ടതിരി കുടുംബത്തിലെ പ്രതിനിധി അനൂപ് ഭട്ടതിരി കുമാരനെല്ലൂരിൽനിന്ന് ജലമാർഗം യാത്രതിരിച്ച് കാട്ടൂരിലെത്തിയാണ് തിരുവോണത്തോണിയുടെ ആചാരാനുഷ്ഠാനങ്ങളിൽ പങ്കാളിയാവുന്നത് . ഓണസദ്യ വിഭവങ്ങളുമായി തിരുവോണം നാളിൽ പുലർച്ച 5.30ന് ആറൻമുളയിൽ എത്തുന്ന തിരുവോണ തോണിക്ക് ആചാരപൂർവം സ്വീകരണം നൽകും. ഭട്ടതിരിക്ക് വെറ്റ പുകയില നല്കി ദേവസ്വം പ്രതിനിധികളും പള്ളിയോട സേവാസംഘം, ക്ഷേത്രോപദേശക സമിതി ഭാരവാഹികളും ചേർന്ന് സ്വീകരിക്കും. മങ്ങാട്ട് ഭട്ടതിരി കാട്ടൂരിൽനിന്ന് എത്തിച്ച ദീപം ക്ഷേത്രം മേൽശാന്തി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലെ കെടാവിളക്കിലേക്ക് പകരുന്നതോടെ തിരുവാറന്മുളയപ്പന്റെ തിരുവോണ സദ്യക്ക് ഒരുക്കമാകും. പ്രത്യേക പൂജകൾക്കുശേഷം തിരുവോണ സദ്യ ഭഗവാന് സമർപ്പിക്കും. രാത്രി അത്താഴപൂജക്കുശേഷം മങ്ങാട്ട് ഭട്ടതിരി തിരികെ മടങ്ങും.


