അന്തർ സംസ്ഥാന തൊഴിലാളികൾക്കായി പിടിവലി; കൂലി മേലോട്ട്
text_fieldsപന്തളം: അന്തർ സംസ്ഥാന തൊഴിലാളികളുടെ വരവ് വൻതോതിൽ കുറഞ്ഞതോടെ എത്തുന്ന തൊഴിലാളികൾക്കായി കരാറുകാരുടെ ചാക്കിട്ടുപിടിത്തം. പന്തളം കുളനട തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് അന്തർ സംസ്ഥാന തൊഴിലാളികളാണ് വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്നത്. തൊഴിലാളികളുടെ കുറവ് വന്നതോടെ നിർമാണ മേഖലക്കു പുറമെ കാർഷിക മേഖലയിലും വലിയ സ്തംഭനമാണ് ഉണ്ടായിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം നാടുകളിലേക്ക് വണ്ടി കയറിയ തൊഴിലാളികളിൽ 75 ശതമാനവും തിരികെ എത്തിയിട്ടില്ല. ഇതോടെയാണ് നാട്ടിലെത്തുന്ന തൊഴിലാളികളെ ‘റാഞ്ചാൻ’ ബസ് സ്റ്റാൻഡുകളിൽ കരാറുകാരുടെ തിരക്ക്. കൂടാതെ ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല തുടങ്ങി ഒട്ടു മിക്ക റെയിൽവേ സ്റ്റേഷനുകളിലും കരാറുകാർ എത്തുന്നുണ്ട്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് കൂടുതൽ തൊഴിലാളികളും നാട്ടിലേക്ക് വണ്ടി കയറിയത്.
മുൻകാലങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഇത്രയധികം പേർ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോയിട്ടില്ലെന്ന് തൊഴിലാളികൾ തന്നെ പറയുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞ് ഫലപ്രഖ്യാപനവും വന്ന് പുതിയ സർക്കാറുകൾ അധികാരത്തിൽ കയറിയിട്ടും തൊഴിലാളികളുടെ തിരിച്ചുവരവ് നീണ്ടു. ബലിപെരുന്നാൾ കഴിയുന്നതോടെ മെച്ചപ്പെടുമെന്നു കരുതിയെങ്കിലും സ്ഥിതി നിരാശജനകമാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ട്രെയിനെത്തിയാൽ കൂട്ടത്തോടെ തൊഴിലാളികൾ വന്നിരുന്ന സ്ഥാനത്ത് സ്റ്റേഷനുകൾ കാലിയാകുന്ന കാഴ്ചയാണുള്ളത്.
ഇതിനിടെ സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ കൂലി ഏകീകരണവും ചിലർ പ്രഖ്യാപിച്ചു. മേസ്തിരിമാർക്ക് 1100 രൂപയും ഹെൽപർമാർക്ക് 1000 ആണ് കൂലി പ്രഖ്യാപിച്ചത്. എന്നാൽ, ഈ പ്രഖ്യാപനം തള്ളി മേസ്തിരിക്ക് 1400 മുതൽ 1500 വരെയും ഹെൽപർക്ക് 1200 വരെയും കരാറുകാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും 1700 മുതൽ 2000 രൂപവരെയാണ് കൂലിയായി ആവശ്യപ്പെടുന്നത്.
ഒരു കൂട്ടർ വിളിച്ചു വരുത്തുന്ന തൊഴിലാളികളെ മറ്റൊരു കൂട്ടർ കൂടിയ കൂലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ട്. പന്തളത്തെ ഒട്ടുമിക്ക മേഖലയിൽ തൊഴിലാളി ക്ഷാമംമൂലം ജോലികൾ നിലച്ച മട്ടാണ്. കഴിഞ്ഞ മൂന്നുമാസമായി 75 ശതമാനത്തിലധികം നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. തിരുവോണത്തിന് ഗൃഹപ്രവേശം തീരുമാനിച്ചാണ് പല കുടുംബങ്ങളും കരാറുകാരുമായി ധാരണയായിട്ടുള്ളത്. നിർമാണം പുനരാരംഭിക്കാത്തതിൽ വീട്ടുകാരും കരാറുകാരും തമ്മിൽ വാക്കുതർക്കവും ഇതിനകം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളി ക്ഷാമംമൂലം, ധാരണപ്രകാരം നിർമാണം പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നു കരാറുകാർ പറയുന്നു.


