ട്രാക്കിനെ ഓടിത്തോൽപ്പിച്ച താരം ചുവപ്പുനാടകൾക്ക് മുന്നിൽ കിതയ്ക്കുന്നു...
text_fieldsതനിക്കു കിട്ടിയ മെഡലുകളുമായി കായികതാരം ടിയാന ചാത്തൻതറയിലെ വീടിനു മുന്നിൽ
വടശേരിക്കര: നാടിനുവേണ്ടി മെഡലുകൾ വാരിക്കൂട്ടുന്നതിനിടെ വിദേശ കോച്ച് നൽകിയ വിറ്റാമിൻ ഗുളികയിൽ ജീവിതത്തിന്റെ ട്രാക്ക് മാറിപ്പോയ അത്‌ലറ്റിക് താരം പത്തനംതിട്ട ചാത്തൻതറ കാളിയാനിൽ വീട്ടിൽ ടിയാന മേരി തോമസിനെ സംസ്ഥാന സർക്കാറും കായിക ലോകവും ചുവപ്പുനാടയുടെ നൂലാമാലയിൽ കുടുക്കി തൊഴിൽ നിഷേധിക്കുന്നു. കോമൺ വെൽത്ത് ഗെയിംസിൽ സ്വർണമെഡൽ ജേതാവായ ടിയാന നാലാം ക്‌ളാസ് മുതൽ ഓടിത്തുടങ്ങിയതാണ്. പിന്നീട് കായികരംഗത്ത് പേരുകേട്ട കോരുത്തോട് സ്‌കൂളിലെ പരിശീലകൻ തോമസ് മാഷിന്റെ ശിക്ഷണത്തിൽ വളർന്ന് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്താണ് 2011 ജൂണി ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ പരിശീലകൻ ഉക്രൈൻകാരൻ യൂറി ഒഗാനോദിനിക്ക്, ടിയാന ഉൾപ്പെടെ അഞ്ചുപേർക്ക് പാട്യാലയിലെ ക്യാമ്പിൽ വിറ്റാമിൻ ഗുളിക നൽകുന്നത്.
ഇതിൽ ഉത്തേജന ഔഷധത്തിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്ന് മുഴുവൻ പേർക്കും രണ്ടുവർഷത്തേക്ക് കായികമത്സരത്തിൽ വിലക്ക് ഏർപ്പെടുത്തി. ഇതിനെതിരെ രാജ്യാന്തര കോടതിയിൽ വരെ കേസ് നടത്തി. പിതാവിന്റെ പേരിലെ വസ്തു വിറ്റും ലക്ഷങ്ങൾ കടം വരുത്തിയും നടത്തിയ വ്യവഹാരത്തിൽ കുറ്റവിമുക്തയായി. ശേഷം പട്യാല ക്യാമ്പിൽ തിരിച്ചെത്തി പിന്നീടും നിരവധി നേട്ടങ്ങൾ രാജ്യത്തിനായി വാരിക്കൂട്ടി.
ഇന്റർ ക്ലബ് മത്സരങ്ങളിൽ സ്വർണവും വെള്ളിയും ഉൾപ്പെടെ നേടിയ ടിയാന പരിക്കിനെത്തുടർന്ന് ഒരുഘട്ടത്തിൽ രാജ്യാന്തര മത്സരങ്ങളിൽനിന്നും പിന്മാറി. അത്ലറ്റിക്സിൽ ഏറ്റവും കൂടുതൽ പോയിന്റും റാങ്ക് പട്ടികയിൽ ആറാം സ്ഥാനവും കിട്ടിയ താരം 2010 ലെ കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുത്തിരുന്നു.
ഇറാനിൽ നടന്ന ഏഷ്യൻ ഇൻഡോർ, ധാക്കയിൽ നടന്ന സാഫ് ഗെയിംസിലും ടിയാന ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടി. 2010 ൽ വിറ്റ്നാമിൽ നടന്ന ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിലും രാജ്യം സ്വർണ്ണത്തിൽ മുത്തമിട്ടത് ടിയാനയിലൂടെയായിരുന്നു.
സംസ്ഥാന നിലപാട് വിലങ്ങാവുന്നു
ഒരുകാലത്ത് രാജ്യത്തിന്‍റെ അഭിമാനമായിരുന്ന ഈ പെൺകുട്ടിക്ക് എൽ.ഐ.സിയിൽ ലഭിക്കേണ്ടിയിരുന്ന ജോലി ആ സമയത്തെ ഉത്തേജക വിവാദത്തിൽപെട്ട് നഷ്ടപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് നിയമന റാങ്ക് പട്ടികയിൽ ഇടം നേടിയ ടിയാനയെ കായികലോകം പിൻവലിച്ച വിലക്കിന്റെ പേരിൽ ജോലിയിൽനിന്ന് തഴഞ്ഞു. ഉത്തേജക മരുന്നിൽ പിടിക്കപ്പെട്ടവരെ സർക്കാർ ജോലിയിൽ പരിഗണിക്കേണ്ടെന്ന സംസ്ഥാനത്തിന്റെ നിലപാട് മൂലം കിട്ടിയ മെഡലുകൾ സൂക്ഷിക്കാൻ ഒരു അലമാര പോലുമില്ലാതെ ചെറുകൂരയിൽ ടിയാന ഒതുങ്ങി കൂടുകയാണ്.
അതേസമയം ടിയാനയ്ക്കൊപ്പം ആരോപണവിധേയരായ കർണാടകക്കാരി അശ്വിനി അക്കുഞ്ചി, പഞ്ചാബിലെ മന്ദീപ് കൗർ, ജാർഖണ്ഡിലെ ജോനമൂർമ, ഉത്തർപ്രദേശിലെ പ്രിയങ്ക പൻവാർ, തൊടുപുഴ സ്വദേശി സിനി ജോസ് എന്നിവരെല്ലാം വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി നോക്കുകയാണ്. ഉത്തേജന വിവാദത്തിൽ ഉൾപ്പെട്ട അശ്വിനി അക്കുഞ്ചിക്ക് ധ്യാൻചന്ദ് അവാർഡും മറ്റൊരു മരുന്നടിയിൽപ്പെട്ട സീമ പുനിയയ്ക്ക് അർജുന അവാർഡും കൊടുത്ത രാജ്യത്ത് ഒരു രാജ്യാന്തര താരം അർഹതപ്പെട്ട സർക്കാർ ജോലിക്കായി മുട്ടാത്ത വാതിലുകളില്ല. അഞ്ചുതവണയിലധികം മുഖ്യമന്ത്രിയെ കാണുകയും അതിലേറെ തവണ മന്ത്രിമാരുടെയും കായിക വകുപ്പിന്റെയുമൊക്കെ വാതിലുകളിൽ മുട്ടി തളരുന്നുകഴിഞ്ഞു ഇവർ. സി.പി.എം ചാത്തൻതറ ബ്രാഞ്ച് സെക്രട്ടറിയാണ് അച്ഛൻ തോമസ് കാളിയാനി.
സർക്കാർ ജോലിക്ക് അർഹയെന്ന് അത്ലറ്റിക് ഫെഡറേഷൻ
ഈ താരം സർക്കാർ ജോലിക്ക് അർഹയാണെന്ന് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയും രണ്ടു വർഷത്തേക്ക് കായികമത്സരങ്ങളിൽ നിന്നും വിലക്കേർപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ജോലിയെടുത്തു ജീവിക്കുവാൻ ഈ വിലക്ക് ബാധകമല്ലെന്നും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യും നൽകിയ രേഖകൾ ഇവരുടെ പക്കലുണ്ട്. സംസ്ഥാനത്ത് കടുംപിടിത്തം മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാജ്യത്തിന്റെയാകെ അഭിമാനം ഉയർത്തിയ ഒരു കായികതാരത്തിന്റെ ജീവിതമാണ് ഇരുട്ടിലാക്കുന്നത്. രണ്ട് കുട്ടികളുടെ മാതാവായ ഇവർ ഭർത്താവിന്‍റെ കാർഷിക വൃത്തിയിലൂടെയാണ് കുടുംബം പോറ്റുന്നത്.