ബാബുവിന്‍റെ ആത്മഹത്യ; കോൺഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി
text_fieldsവടശ്ശേരിക്കര: റാന്നി-പെരുനാട് മഠത്തുംമൂഴി മേലേതില്‍ ബാബുവിന്‍റെ ആത്മഹത്യ, പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ സി.പി.എം നേതാക്കളുടെ ഭീഷണി മൂലമാണെന്നും ഉത്തരവാദികള്‍ക്കെതിരെ പ്രേരണക്കുറ്റത്തിന് അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും ആന്‍റോ ആന്‍റണി എം.പി ആവശ്യപ്പെട്ടു. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് റാന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുനാട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിന് ഒരു അധികാരവും ഇല്ലാത്ത ബാബുവിന്‍റെ സ്വന്തം പേരിലുള്ള സ്ഥലം ഭീഷണിപ്പെടുത്തി കൈയേറി വെയ്റ്റിങ് ഷെഡും അനുബന്ധ സ്ഥാപനങ്ങളും നിര്‍മിക്കാന്‍ നടത്തിയ ശ്രമം പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റവും ജനാധിപത്യ ധ്വംസനവുമാണ്.
ഭരണത്തണലില്‍ എന്തുമാകാമെന്ന സി.പി.എം നേതാക്കളുടെ ധാര്‍ഷ്ട്യമാണ് ബാബുവിന്‍റെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നും ഇതിന് സി.പി.എം നേതാക്കള്‍ മറുപടി പറയേണ്ടിവരുമെന്നും ആന്‍റോ ആന്‍റണി പറഞ്ഞു. റാന്നി ബ്ലോക്ക് പ്രസിഡന്‍റ് രാജു മരുതിക്കല്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, ഡി.സി.സി ഭാരവാഹികളായ ടി.കെ. സാജു, കെ. ജയവര്‍മ, സാമുവല്‍ കിഴക്കുപുറം, എബ്രഹാം മാത്യു പനച്ചിമൂട്ടില്‍, സതീഷ് പണിക്കര്‍, കാട്ടൂര്‍ അബ്ദുസ്സലാം, വി.എ. അഹമ്മദ് ഷാ, സജി കൊട്ടക്കാട്, ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ, പ്രകാശ് തോമസ്, ടി.എസ്. സജി, പ്രമോദ് മാമ്പാറ, അബ്ദുൽകലാം ആസാദ്, നഹാസ് പത്തനംതിട്ട, അനി വലിയകാല, സലിം പെരുനാട്, രാജന്‍ വെട്ടിക്കല്‍, വി.ടി. രാജു എന്നിവര്‍ സംസാരിച്ചു.