പിടികിട്ടാപ്പുള്ളി 24 വർഷത്തിനുശേഷം അറസ്റ്റിൽ
text_fieldsതങ്കച്ചൻ
വടശ്ശേരിക്കര: പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ 24 വർഷത്തിനു ശേഷം പെരുന്നാട് പൊലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം ആലുങ്കൽ പള്ളിമുരുപ്പേൽ വീട്ടിൽ തങ്കച്ചനെയാണ് തിങ്കളാഴ്ച പിടികൂടിയത്. 600 കിലോ റബർഷീറ്റ് മോഷ്ടിച്ചതാണ് കേസ്. 1999ൽ പെരുനാട് പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിലെ പ്രതിയായ ഇയാളെ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2010ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് കഴിഞ്ഞ 24 വർഷമായി പല സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു. ഇപ്പോൾ താമസിക്കുന്ന ആനന്ദപ്പള്ളി മാമ്മൂട്ടെ വീട്ടിൽനിന്നാണ് ഇയാളെ പൊലീസ് കുടുക്കിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പെരുന്നാട് പൊലീസ് ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ അരുൺരാജ്, പ്രദീപ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.