ലക്ഷങ്ങൾ ചെലവഴിച്ച മണിയാർ ടൂറിസം പദ്ധതി പ്രദേശം കാടുകയറുന്നു
text_fieldsമണിയാർ ജലസേചന പദ്ധതിക്കായി നിർമിച്ച ആർച് മാതൃകയിലുള്ള ഗോഡൗൺ
വടശ്ശേരിക്കര: മലയോര മേഖലയുടെ വിനോദസഞ്ചാര വികസന സ്വപ്നങ്ങൾക്ക് ഏറെ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷ ഉണർത്തി ലക്ഷങ്ങൾ മുടക്കി നിർമാണം ആരംഭിച്ച മണിയാർ ടൂറിസം പദ്ധതി എങ്ങുമെത്തിയില്ല. പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചത് ജില്ലയിലെ വിവിധ വിനോദസഞ്ചാര മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ബൃഹത്തായ പദ്ധതിക്കുതന്നെ തിരിച്ചടിയായി.
ഒന്നിലധികം തവണ വൻതുക ഫീസ് നൽകി കൺസൾട്ടിങ് കമ്പനികളെവെച്ച് പഠനം നടത്തുകയും വിനോദസഞ്ചാര മേഖലക്ക് വൻകുതിപ്പേകുമെന്ന് റിപ്പോർട്ട് സമർപ്പിക്കുകയുമൊക്കെ ചെയ്തെങ്കിലും മണിയാർ ടൂറിസം പദ്ധതി തുടങ്ങിയിടത്തുതന്നെ കിടക്കുകയാണ്. പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചിട്ട് 12 വർഷമായിട്ടും മണിയാറിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടും ടൂറിസം പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നു.
ഗവിയിലേക്കും പെരുന്തേനരുവിയിലേക്കുമെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട മണിയാർ ടൂറിസം പദ്ധതി മണിയാർ അണക്കെട്ടും പമ്പാ ജലസേചന പദ്ധതിയുടെ (പി.ഐ.പി) കൈവശത്തിലിരിക്കുന്ന 30 ഏക്കറും പ്രയോജനപ്പെടുത്തി യാഥാർഥ്യമാക്കുകയായിരുന്നു ലക്ഷ്യം. 4.25 കോടിയുടെ പദ്ധതിക്കാണ് അന്ന് രൂപരേഖ തയാറാക്കിയത്. ഇതിനായി സംരക്ഷണഭിത്തിയും രണ്ട് കൽമണ്ഡപവും ഭാഗികമായി നിർമിച്ചതു മാത്രമാണ് ആദ്യഘട്ടത്തിൽ നടന്ന പ്രവർത്തനം. പമ്പാ ഇറിഗേഷൻ പദ്ധതിയുടെ കൈവശമുള്ള പദ്ധതിപ്രദേശത്ത് വിശാലമായ പാർക്കിങ് ഗ്രൗണ്ടും കഫേകളും മറ്റും തുടങ്ങാനുള്ള സൗകര്യവും ഒഴിഞ്ഞുകിടപ്പുണ്ട്.
ജലസേചന പദ്ധതിയുടെ നിർമാണകാലത്തെ ആർച് മാതൃകയിലുള്ള ഗോഡൗൺ നവീകരിച്ചെടുത്താൽ മാത്രം 1000 പേർക്ക് ഇരിക്കാൻ കഴിയുന്ന കൺവെൻഷൻ സെൻറർ സാധ്യമാകുമെങ്കിലും ഇതൊന്നും പ്രയോജനപ്പെടുത്തിയെടുക്കാൻ പദ്ധതി വിഭാവനം ചെയ്തവർ തയാറായില്ല.
പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന് 2017ൽ കേരള ഇലക്ട്രിക്കല്‍സ് ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തെ പദ്ധതിയുടെ പുതുക്കിയ രൂപരേഖ തയാറാക്കാൻ നിയോഗിച്ചിരുന്നു.
മണിയാര്‍ എ.വി.ടി എസ്റ്റേറ്റ്, സ്വകാര്യ വൈദ്യുതോൽപാദന പദ്ധതിയായ മണിയാര്‍ കാര്‍ബോറാണ്ടം, സര്‍ക്കാര്‍ മേഖലയിലുള്ള പെരുനാട് ചെറുകിട ജലവൈദ്യുതി പദ്ധതി എന്നിവയെല്ലാം പുതിയ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പ്രകൃതിസൗന്ദര്യം തുടിക്കുന്ന പെരുന്തേനരുവി, ഗവി എന്നീ ടൂറിസം പദ്ധതികളുമായി കൂട്ടിയിണക്കിയുള്ള പാക്കേജ് ടൂറിസം പദ്ധതി മണിയാർ കേന്ദ്രീകരിച്ച് നടത്താനും ഡാമിനുള്ളില്‍ ബോട്ടിങ് സൗകര്യം ഏര്‍പ്പെടുത്താനും ടൂറിസവുമായി ബന്ധപ്പെട്ട് മണിയാറില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കാനുമുള്ള സ്ഥലസൗകര്യം ഉണ്ടെന്നും കൺസൾട്ടിങ് സ്ഥാപനം നൽകിയ റിപ്പോർട്ടിൽ വിലയിരുത്തപ്പെട്ടെങ്കിലും പ്രളയത്തിൽ തകർന്ന കരിങ്കൽക്കെട്ട് പുനർനിർമിച്ചതിനപ്പുറം മണിയാർ ടൂറിസം പദ്ധതി മുട്ടിലിഴയുകയാണ്.