വടശ്ശേരിക്കരക്ക് ബാധ്യതയായി തീർഥാടക വിശ്രമകേന്ദ്രം: റെസ്റ്റ് എടുത്താൽ പണിയാകും
text_fieldsവടശ്ശേരിക്കരയിലെ ഉപയോഗശൂന്യമായ വിശ്രമകേന്ദ്രം
വടശ്ശേരിക്കര: രണ്ടു പതിറ്റാണ്ടുമുമ്പ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ വടശ്ശേരിക്കരയിൽ ആരംഭിച്ച പിൽഗ്രിം ഷെൽട്ടർ കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറുന്നു. കല്ലാറിന്റെ തീരത്ത് മൂന്നുനിലകളിലായി വിശാലമായ സൗകര്യങ്ങളോടുകൂടി നിർമിച്ച് രണ്ടായിരത്തിൽ തുറന്നുകൊടുത്ത കെട്ടിടം ഏതാനും വർഷം മാത്രമാണ് ശബരിമല തീർഥാടകർക്ക് ഉപകാരപ്പെട്ടത്. പിന്നീട് ഇവിടെ സ്വകാര്യ ഹോട്ടലും കുടുംബശ്രീ ഹോട്ടലും പ്രവർത്തിച്ചെങ്കിലും ക്രമേണ അതും നിർത്തലാക്കി.
താമസ സൗകര്യങ്ങളും ശുചിമുറികളും കോൺഫറൻസ് ഹാളും റസ്റ്റാറന്റുമുൾപ്പെടെ സൗകര്യങ്ങളുള്ള കെട്ടിടം തീർഥാടകരും കിഴക്കൻ മേഖലയിലേ ഗവി ഉൾപ്പെടെ വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്രക്കാർക്കും തുറന്നുകൊടുക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. കോവിഡ് കാലശേഷം വരുന്ന മണ്ഡലകാലമായതിനാൽ വൻ തീർഥാടക പ്രവാഹം ഉണ്ടാകുമെന്ന് വിലയിരുത്തുന്ന ഇത്തവണയും വിശ്രമകേന്ദ്രം തുറക്കാൻ നടപടിയില്ല. വൻതുക പാഴാക്കിയ കെട്ടിടം സംരക്ഷിക്കാൻ വിനോദസഞ്ചാരവകുപ്പിന് കഴിയില്ലെന്നതിനാൽ വടശ്ശേരിക്കരയിലെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങൾക്ക് വിട്ടുനൽകാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.