ടാപ്പിങ് തൊഴിലാളി കടുവയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsrepresentational image
വടശ്ശേരിക്കര: ടാപ്പിങ് തൊഴിലാളി കടുവയുടെ മുന്നിൽ അകപ്പെട്ടു. ഓടി മാറിയത് കാരണം ജീവൻ തിരികെ കിട്ടി. വടശ്ശേരിക്കര ഒളികല്ല് താരപ്പള്ളി തോട്ടത്തിലെ ടാപ്പിങ് തൊഴിലാളി റെജിയാണ് കടുവയുടെ ആക്രമണത്തിൽനിന്ന് ബുധനാഴ്ച രാവിലെ തലനാരിഴക്ക് രക്ഷപ്പെട്ടത്. കടുവയുടെ മുന്നിൽ അകപ്പെട്ട റജി തൊട്ടടുത്തുള്ള റബർ മരത്തിൽ കയറിയെങ്കിലും താഴെ വീണു. തുടർന്ന് സമീപത്തെ വീടിന്റെ ശുചിമുറിയിൽ കയറിയാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ രണ്ടുദിവസത്തിനിടയിൽ ബൗണ്ടറി പ്രദേശങ്ങളിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വനപാലകർ തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അടിക്കടി ഉണ്ടാകുന്ന കടുവ സാന്നിധ്യത്തിൽ പരസരവാസികൾ ഭിതിയിലാണ്. റെജിയും കുടുംബവും തോട്ടത്തിന് സമീപം വാടക്ക് താമസിച്ചു വരുകയായിരുന്നു.