വടശേരിക്കര തീര്‍ഥാടന വിശ്രമകേന്ദ്രം വീണ്ടും തുറക്കും
text_fieldsവടശ്ശേരിക്കരയിലെ ഉപയോഗശൂന്യമായി കിടക്കുന്ന വിശ്രമകേന്ദം
വടശേരിക്കര: വടശേരിക്കര തീര്‍ഥാടന വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പിന് ഒടുവിൽ ടെൻഡർ. ലക്ഷങ്ങൾ ചെലവഴിച്ച് ടൂറിസം വകുപ്പ് നിർമിച്ച കേന്ദ്രം കാടുകയറിയ നിലയിലായിരുന്നു. ഇത് സാമൂഹിക വിരുദ്ധരുടെ താവളമായും മാറി. എന്നിട്ടും പരിപാലന ചുമതലയുള്ള ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) തിരിഞ്ഞ് നോക്കുന്നില്ലെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണ് തീര്‍ഥാടന വിശ്രമകേന്ദ്രവും കംഫര്‍ട്ട് സ്റ്റേഷനും ഒക്ടോബര്‍ 15 മുതല്‍ 2028 ഒക്ടോബര്‍ 14 വരെ ഏറ്റെടുത്ത് നടത്തുന്നതിന് ഡി.ടി.പി.സി ക്വട്ടേഷന്‍ ക്ഷണിച്ചത്. ഒക്ടോബര്‍ നാല് വരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള സമയം.
മണ്ണാരക്കുളഞ്ഞി-പമ്പ ശബരിമല പാതയിലെ പ്രധാന ഇടത്താവളമായ വടശേരിക്കരയിൽ തീർഥാടന കാലത്തും മാസ പൂജക്കും നൂറുകണക്കിന് തീർഥാടകരാണ് എത്തുന്നത്. ഇവർക്കു മെച്ചപ്പെട്ട വിശ്രമ സൗകര്യം ഒരുക്കുന്നതിനായാണ് ടൂറിസം വകുപ്പ് വടശേരിക്കര ഗവ. എൽ.പി സ്കൂളിന്റെ സ്ഥലത്തിൽനിന്ന് 30 സെന്റ് ഏറ്റെടുത്തത് കേന്ദ്രം നിർമിച്ചത്.
ഉദ്ഘാടനത്തിനു പിന്നാലെ വിശ്രമകേന്ദ്രം ലേലത്തിൽ നൽകിയിരുന്നു. ഹോട്ടൽ തുറക്കുകയും തീർഥാടകർ ഡോർമിറ്ററികൾ പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അമിത വാടകയെന്ന ആക്ഷേപം ഉയർന്നതോടെ തീർഥാടകർ എത്താതായി. പിന്നീട് കുടുംബശ്രീ ഹോട്ടൽ നടത്തിപ്പ് ഏറ്റെടുത്തു. കെട്ടിടത്തിന്റെ പരിപാലനവും അവർ നിർവഹിച്ചിരുന്നു. ഇതിനിടെ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുകയാണെന്ന് വ്യക്തമാക്കി കുടുംബശ്രീയെ ഒഴിവാക്കി. പിന്നീട് വർഷങ്ങളായി കെട്ടിടം അടഞ്ഞു കിടക്കുകയായിരുന്നു. ഇതിനിടെ, മണ്ഡല- മകരവിളക്ക് കാലത്ത് കെട്ടിടത്തിന്റെ ഒരുഭാഗത്ത് താൽക്കാലിക പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കാനും തുടങ്ങി. ഇതോടെ കരാറുകാർ ആരും കെട്ടിടം എറ്റെടുക്കാതായി.
സംരക്ഷണമില്ലാതെ കിടന്നതോടെ കെട്ടിടത്തിനു നാശം നേരിട്ടു. രണ്ട് വർഷം മുമ്പ് ടൂറിസം വകുപ്പിന്റെ ചെലവിൽ പുനരുദ്ധാരണത്തിന് കരാർ നൽകിയിരുന്നു. തീർഥാടന കാലത്ത് താൽക്കാലിക പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന ഭാഗം പുനരുദ്ധരിച്ചു. നിലവിലെ അറ്റകുറ്റപണികൾ നടത്തണമെന്ന വ്യവസ്ഥയിലാകും പുതിയ കരാർ നൽകുക.


