ഹാരിസൺ തോട്ടത്തിൽ വ്യാപക വിഷപ്രയോഗം; നാട്ടുകാർ ആശങ്കയിൽ
text_fieldsവിഷപ്രയോഗത്തെ തുടർന്ന് മഴക്കാലത്തും കരിഞ്ഞുണങ്ങിയ ഹാരിസൺ റബർതോട്ടം
വടശ്ശേരിക്കര: ഹാരിസൺ റബർ തോട്ടത്തിൽ കള നീക്കം ചെയ്യാൻ വ്യാപകമായി നടക്കുന്ന വിഷപ്രയോഗത്തിന്റെ ആശങ്കയിൽ പെരുനാട് മേഖലയിലെ ജനം. ളാഹ ഹാരിസൺ റബർ എസ്റ്റേറ്റിന്റെ കപ്പക്കാട് ഡിവിഷനിൽ 250ലധികം ഏക്കറിലാണ് ടാപ്പിങ് നടത്തുന്ന മരങ്ങൾക്കിടയിലെ കാട് നശിപ്പിക്കാൻ വിഷപ്രയോഗം നടത്തിയത്.
കക്കാട്ടാറിന്റെ തീരത്ത് നടന്ന സംഭവത്തിൽ മഴയിൽ കളനാശിനി മൊത്തം ഒഴുകി നദിയിലെത്തുമെന്നത് വലിയ അപകടങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. തോട്ടത്തിൽ മേയാൻ വിട്ടിരിക്കുന്ന വളർത്തുമൃഗങ്ങൾക്കും വിഷപ്രയോഗം ഭീഷണിയാണ്.
പെരുനാട് പഞ്ചായത്തിലെ റബർ എസ്റ്റേറ്റിൽ വിഷപ്രയോഗം വ്യാപകമാകുകയും കന്നുകാലികൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയും ചെയ്ത സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. മഴ പെയ്ത് കളനാശിനികൾ കുടിവെള്ള സ്രോതസ്സിലേക്കും നദികളിലേക്കും വ്യാപിച്ചതിനാൽ ഇവിടെനിന്നുമുള്ള ജലം ഉപയോഗിക്കുന്നതുപോലും വിലക്കി പഞ്ചായത്ത് നോട്ടീസ് കൊടുത്ത സംഭവവും ഏതാനും വർഷം മുമ്പുണ്ടായി.