തുമ്പമൺ കുടുംബശ്രീ അഴിമതി; വിജിലൻസ് അന്വേഷണം തുടങ്ങി
text_fieldsതുമ്പമൺ: തുമ്പമൺ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടുംബശ്രീകളിൽ അഴിമതിയെന്ന പരാതിയിൽ വിജിലൻസ് പരിശോധന ആരംഭിച്ചു. കുടുംബശ്രീ ഓഫിസിലെത്തിയ മൂന്നംഗ വിജിലൻസ് സംഘം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. ആരോപണ വിധേയരായ കുടുംബശ്രീ ഭാരവാഹികളിൽനിന്ന് തെളിവ് ശേഖരിക്കുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനും ഉടൻ നടപടി ആരംഭിക്കുമെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തിൽ ഗുരുതര ക്രമക്കേട് ഉണ്ടെന്നാണു സൂചനയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ കുടുംബശ്രീ ഓൺ ഫണ്ടിൽനിന്ന് പുതിയ വെട്ടിപ്പ് നടത്തുന്നതായും ആരോപണമുണ്ട്.
പതിനൊന്നാം വാർഡിലെ ഐശ്വര്യ കുടുംബശ്രീയുടെ മുൻ പ്രസിഡന്റും നിലവിലെ സെക്രട്ടറിയുമായ അശ്വതിയും അംഗങ്ങളുമാണ് അഴിമതി ആരോപിച്ചു പരാതി നൽകിയത്. മുഖ്യമന്ത്രിക്കും വകുപ്പ് തല ഉദ്യോഗസ്ഥർക്കും ഇവർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി ആരംഭിച്ചത്. 2020 - 2021 ൽ തുമ്പമൺ കേരള ഗ്രാമീൺ ബാങ്കിൽ നിന്ന് ലിങ്ക് വായ്പയായി ഏഴു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, അന്നത്തെ വാർഡ് കുടുംബശ്രീ സെക്രട്ടറി അജിത സുരേഷ് ആറുലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നാണ് കുടുംബശ്രീയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ ആറു ലക്ഷം രൂപ 11 പേർക്ക് തുല്യമായി വീതിച്ചു നൽകിയില്ല. കുടുംബശ്രീ അംഗങ്ങൾ ബാങ്കിൽ അടയ്ക്കേണ്ട തുകയുടെ വിഹിതം സെക്രട്ടറി അജിത സുരേഷിന് നൽകിയിരുന്നെങ്കിലും ഈ തുക ബാങ്കിൽ അടയ്ക്കാത്തതിനാൽ കഴിഞ്ഞ മെയ് 17ന് കുടുംബശ്രീ അംഗങ്ങൾക്ക് ബാങ്കിൽനിന്ന് നോട്ടീസ് വന്നതായി പരാതിയിൽ പറയുന്നു.
2022- 2023 ൽ പിന്നാക്ക വികസന കോർപ്പറേഷൻ പത്തനംതിട്ട ശാഖയിൽ നിന്ന് മഞ്ഞൾ കൃഷിക്ക് നാലു ലക്ഷം രൂപ ഇതേ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചൈതന്യ സംഘകൃഷി എന്ന പേരിൽ വായ്പ എടുത്തിരുന്നു. ഈ വായ്പ ഇനത്തിലും 32,450 രൂപ ബാങ്കിൽ അടയ്ക്കാൻ അജിത സുരേഷിന് അംഗങ്ങൾ നൽകിയിരുന്നത്രെ. ഈ പണവും ബാങ്കിൽ അടച്ചില്ല എന്നാണ് പരാതി. മഞ്ഞൾ കൃഷി ഇനത്തിൽ പരാതിയെത്തുടർന്ന് ജില്ല കുടുംബശ്രീ മിഷൻ നടത്തിയ ഓഡിറ്റിൽ ക്രമക്കേട് കണ്ടെത്തിയപ്പോൾ 50,000 രൂപ അടച്ചു. 40,000 രൂപ കൂടി ഈ ഇനത്തിൽ അടക്കാനുണ്ട്
ഈ കാലയളവിൽ കുടുംബശ്രീ അംഗങ്ങൾ അടച്ച ഓൺ ഫണ്ട് ( ത്രിഫ്റ്റ് ) ഇനത്തിൽ വായ്പ നൽകിയതിന്റെ ബാക്കി തുകയായ 43,165 രൂപ കാണാനില്ലെന്നും പരാതിയിലുണ്ട്. കുടുംബശ്രീ അംഗങ്ങൾക്ക് ലഭിക്കേണ്ട റിവോൾവിങ് ഫണ്ട്, പലിശ ഇനത്തിൽ ലഭിക്കേണ്ട തുക, ഇവയൊന്നും കണക്കിൽ കാണാനില്ലത്രെ.
അഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന മറ്റൊരു ഐശ്വര്യ കുടുംബശ്രീയിൽ സമാന തട്ടിപ്പുകൾ നടക്കുന്നതായും പരാതിയിലുണ്ട്. സ്ഥലത്തില്ലാത്ത ആൾക്കാരുടെ പേരിൽ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതായാണ് പരാതി. സി.ഡി.എസിന്റെ തനത് ഫണ്ട് കുടുംബശ്രീ സംരംഭകർക്ക് നാലു ശതമാനം പലിശക്ക് കൊടുക്കണമെന്ന നിയമവും ലംഘിക്കപ്പെട്ടുവെന്നും ഇവ അംഗങ്ങൾക്ക് കൊടുക്കാതെ ചില കടലാസ് സംഘടനകൾ രൂപവത്കരിച്ച് ഇഷ്ടക്കാർക്ക് നൽകുന്നതായുമാണ് ആക്ഷേപം. വിവാദത്തിലായ രണ്ടു കുടുംബശ്രീകളിലെയും അംഗങ്ങൾക്ക് ഇടതടവില്ലാതെ ബാങ്കുകളിൽ നിന്ന് നോട്ടീസുകളും ജപ്തി നോട്ടീസുകളും വന്നുകൊണ്ടിരിക്കുകയാണ്.