കൊന്നപ്പാറയിലും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം
text_fieldsകോന്നി: കൊന്നപ്പാറ, കോടിയാട്ട് മുരുപ്പ്, കിഴക്കേ ചെമ്മാനി, പാരിഷ് ഹാൾ പരിസരം, വി.എൻ.എസ് കോളജ് ഭാഗങ്ങളിൽ കാട്ടാനശല്യം. കഴിഞ്ഞദിവസം രാത്രി പ്രദേശത്ത് എത്തിയ കാട്ടാനകൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു.
മുമ്പ് സമീപത്തെ അതുമ്പുംകുളം ജങ്ഷന് സമീപത്തുവരെ കാട്ടാനകൾ എത്തിയിരുന്നുവെങ്കിലും കൊന്നപ്പാറ മേഖലയിൽ ആദ്യമായാണ് കാട്ടാനകൾ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. കോന്നി തണ്ണിത്തോട് റോഡിലെ കൊന്നപ്പാറ ഓർത്തഡോക്സ് പള്ളി ജങ്ഷനിൽനിന്ന് 50 മീറ്റർ അകലെ വരെയാണ് കാട്ടാന എത്തിയത്. കൊന്നപ്പാറ ഓർത്തഡോക്സ് പള്ളിയുടെ പാരിഷ് ഹാളിന്റെ പിറകുവശത്തെ കണ്ടതിലും കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം എത്തി വ്യാപകമായി കൃഷി നശിപ്പിച്ചു.
ഇതിന് സമീപത്താണ് കൊന്നപ്പാറ എൽ.പി സ്കൂൾ. വി.എൻ.എസ് കോളജ് പരിസരം കാടുപിടിച്ചുകിടക്കുന്നത് വന്യമൃഗശല്യം വർധിക്കാൻ കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. ഇവിടെ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള വാപ്പില തോടിന് സമീപത്താണ് മുമ്പ് കടുവയെ ആദ്യം കണ്ടത്. പുലർച്ച ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടത്തിലും വഞ്ചിനാട് എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ചെമ്മാനി തോട്ടത്തിലും റബർ ടാപ്പിങ്ങിന് ഇറങ്ങുന്ന തൊഴിലാളികൾ നടന്നുപോകുന്ന റോഡിന് സമീപത്താണ് കാട്ടാനകളുടെ സാന്നിധ്യം ഉണ്ടായത്. ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെയാണ് കൊന്നപ്പാറ ഗവ. എൽ.പി സ്കൂൾ. വി.എൻ.എസ് കോളജിന് സമീപത്ത് എത്തിയ കാട്ടാന സമീപത്തെ കിഴക്കേ ചെമ്മാനി, കോടിയാട്ട് മുരുപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ ഇറങ്ങി കൃഷിനാശവും വരുത്തി. കൊന്നപ്പാറ, കൊച്ചുമുറിയിൽ ഫാ. കെ.ടി മത്തായി കോർ എപ്പിസ്കോപ്പ, കുളത്തുങ്കൽ ബാബു, പുത്തൻപുരയിൽ ജോർജ് മാത്യു എന്നിവരുടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി വാഴ, കമുക് എന്നിവ നശിപ്പിച്ചു.
കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എസ്. ശശീന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഉത്തരകുമരംപേരൂർ (ഞള്ളൂർ) ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. വനംവകുപ്പിന്റെ ആർ.ആർ ടീം രാത്രി സ്ഥലത്ത് പട്രോളിങ് നടത്തുന്നുണ്ട്.


