കരിമ്പ് കൃഷി വീണ്ടെടുക്കാനിറങ്ങി യുവകർഷകൻ
text_fieldsശ്രീജിത്ത് വള്ളിക്കോട്ടെ കരിമ്പ് കൃഷി ഇടത്തിൽ
പത്തനംതിട്ട: ഒരു കാലത്ത് കരിമ്പ് കൃഷിയുടെ നാടായിരുന്നു വള്ളിക്കോടും ചുറ്റുമുള്ള പ്രദേശങ്ങളുടെയും പ്രതാപം വിട്ടുകളയാൻ തയാറാകാതെ യുവകർഷകൻ. വള്ളിക്കോട്ടെ കരിമ്പ് കൃഷിയും ഇവിടത്തെ ശർക്കരയും പ്രസിദ്ധമായിരുന്നു. എന്നാൽ, വിവിധ കാരണങ്ങളാൽ കരിമ്പ് കൃഷി നാട്ടിൽനിന്ന് പാടേ അപ്രത്യക്ഷമായിട്ട് കാലം ഏറെയായി.
നാടിന് പേരും പെരുമയും നൽകിയ കരിമ്പ് കൃഷി നാട്ടിൽ വീണ്ടും തുടങ്ങിയിരിക്കയാണ് വള്ളിക്കോട് കൊച്ചാലുംമൂട് സ്വദേശിയായ ശ്രീജിത്ത്. കൊച്ചാലും മൂട് ദീപാ ഹൗസിൽ പി. ശ്രീജിത്ത് കേരള ബാങ്കിെൻറ പത്തനംതിട്ട ഹെഡ് ഓഫിസിലെ ജീവനക്കാരനുമാണ്.
വീടിനോട് ചേർന്ന ചെമ്പത പാലത്തിന് സമീപത്തെ പാടശേഖരത്തിലാണ് ശ്രീജിത്ത് കരിമ്പ് കൃഷി ചെയ്യുന്നത്. 65 സെൻറ് സ്ഥലത്ത് മാധുരി ഇനത്തിൽപ്പെട്ട കരിമ്പാണ് നട്ടത്. മുമ്പ് വള്ളിക്കോട്, താഴൂർക്കടവ്, വാഴമുട്ടം, കൊടുന്തറ സ്ഥലങ്ങളിലായിരുന്നു കൂടുതൽ കരിമ്പ്കൃഷി ഉണ്ടായിരുന്നത്. ഇപ്പോൾ കരിമ്പ് പാടങ്ങളിൽ ഇതര കൃഷി വിളകളും കെട്ടിട സമുച്ചയങ്ങളും ഉയർന്നു കഴിഞ്ഞു.
ഈ പ്രദേശങ്ങളിൽ എല്ലാം നിരവധി കരിമ്പാട്ട് ചക്കുകളും ഉണ്ടായിരുന്നു. വള്ളിക്കോട്, വാഴമുട്ടം ശർക്കരക്കും വിപണിയിൽ വൻ ഡിമാൻഡായിരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ശർക്കര തേടി ആളുകൾ ഇവിടെഎത്തിയിരുന്നു. കർഷകന് മുടക്ക് മുതലിെൻറ നാലിരട്ടി ലാഭം വരെ കിട്ടിയിരുന്ന കൃഷിയായിരുന്നു കരിമ്പ് കൃഷി.
ഒരു ഏക്കറിൽനിന്നും 150 പാട്ട ശർക്കര വരെ ഉൽപാദിപ്പിക്കാൻ കഴിയുമായിരുന്നു. പന്തളത്തെയും പുളി കീഴിലെയുമൊക്കെ പഞ്ചസാര ഫാക്ടറികൾ അടച്ചു പൂട്ടിയതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. കൃഷിപ്പണിക്കും കരിമ്പ് വെട്ടാനുമൊക്കെ തൊഴിലാളികളെയും കിട്ടാതായതോടെ കരിമ്പ് കൃഷി ആളുകൾ ഉപേക്ഷിച്ചു.
പണ്ടത്തെ കരിമ്പ് കൃഷി കണ്ട് താൽപര്യം കൊണ്ടാണ് ഇതിലേക്ക് തിരിഞ്ഞതെന്ന് ശ്രീജിത്ത് പറഞ്ഞു. ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്ന ഇനമാണ് മാധുരി. വർഷത്തിൽ രണ്ട് തവണ വളപ്രയോഗം നടത്തിയാൽ മതി. ഒമ്പതാം മാസം കരിമ്പ് വെട്ടി തുടങ്ങാം.
നല്ല ലാഭമുള്ള കൃഷിയാണ്. ഒരു ടൺ കരിമ്പിന് ഏകദേശം 5800 രൂപ വരെ ലഭിക്കും. വിളവെടുക്കാറായി വരുകയാണ്. തുടരെ പെയ്ത കനത്ത മഴയിൽ പാടശേഖരത്തിൽ വെള്ളം കെട്ടി നിന്നത് കരിമ്പ് കൃഷിയെ ബാധിച്ചിട്ടുണ്ട്. നരിയാപുരത്താണ് കരിമ്പ് വിൽക്കുന്നതെന്ന് ശ്രീജിത്ത് പറഞ്ഞു.