തൃപ്രയാർ ജങ്ഷൻ അപകട മുനമ്പായിട്ട് 10 വർഷം
text_fieldsതൃപ്രയാർ ജങ്ഷനിലെ തകർന്ന ഡിവൈഡർ
തൃപ്രയാർ: ദേശീയപാത 66ലെ പ്രധാന കവലയായ തൃപ്രയാർ ജങ്ഷൻ ദശാബ്ദങ്ങളായി അപകടം പതിയിരിക്കുന്ന ഇടമായി മാറിയിരിക്കുന്നു. 10 വർഷം മുമ്പ് നാട്ടിക പഞ്ചായത്ത് ഭരണകൂടം ഗതാഗതം നിയന്ത്രിക്കാനായി സ്ഥാപിച്ച സിഗ്നൽ സംവിധാനവും ഡിവൈഡറുകളും ഉൾപ്പെടെയുള്ള ട്രാഫിക് സംവിധാനം ഇന്ന് ഉപയോഗശൂന്യമായ അവസ്ഥയിലാണ്.
ഈ ട്രാഫിക് സംവിധാനം സ്ഥാപിച്ച സമയത്ത് അന്നത്തെ പ്രതിപക്ഷമായിരുന്ന സി.പി.എം അഴിമതിയും അശാസ്ത്രീയതയും ആരോപിച്ച് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഡിവൈഡറുകൾ തകർക്കുകയും കോടതിയിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ, ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനമാരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ തന്നെ നിലച്ചു.
സിഗ്നൽ ലൈറ്റുകൾ കത്താതെയായതോടെ രാത്രിയിൽ ഡിവൈഡറുകളിൽ ഇടിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ തുടർക്കഥയായി. കൂടാതെ, ഡിവൈഡറിനോട് ചേർന്ന അശാസ്ത്രീയമായ ബസ് സ്റ്റോപ്പ് രണ്ട് സ്കൂട്ടർ യാത്രക്കാരുടെ ജീവൻ അപഹരിച്ചു. ഡിവൈഡറിനും നിർത്തിയിട്ടിരിക്കുന്ന ബസിനുമിടയിലെ ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര അപകടം ക്ഷണിച്ചുവരുത്തുന്നതായിരുന്നു.
ഈ സാഹചര്യത്തിലാണ് ദാരുണമായ അപകടങ്ങൾ സംഭവിച്ചത്. വർഷങ്ങൾ പിന്നിട്ട് സിഗ്നൽ സംവിധാനത്തെ എതിർത്ത സി.പി.എം ഭരണ നേതൃത്വത്തിലെത്തിയെങ്കിലും ഇതുവരെ അപകടങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചിട്ടില്ല. അപകടം വിളിച്ചുവരുത്തുന്ന ഒരുകാഴ്ച വസ്തുവായി ട്രാഫിക് സിഗ്നൽ സംവിധാനത്തെ താങ്ങിനിർത്തുന്ന നടപടികളാണ് തുടർച്ചയായി ഭരണകൂടങ്ങൾ സ്വീകരിക്കുന്നത്. അടിയന്തരമായി, അപകട സൂചന നൽകുന്ന ലൈറ്റുകളെങ്കിലും സ്ഥാപിച്ച് രാത്രികാല യാത്രക്കാരെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് സമീപത്തെ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.