കോർപറേഷന്റെ കെടുകാര്യസ്ഥത; പെൻഷൻ ആനുകൂല്യ വിതരണത്തിന് ഉപയോഗിച്ച 10.21 കോടി, തനത് ഫണ്ട്
text_fieldsതൃശൂർ: കോർപറേഷൻ ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിച്ചത് തനത് ഫണ്ടിൽ നിന്നെന്ന് റിപ്പോർട്ട്. നഗരസഭയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാമായിരുന്ന 10.21 കോടി രൂപയാണ് ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങളായി നൽകിയത്. നഗര കാര്യ ഡയറക്ടറേറ്റിൽനിന്ന് പെൻഷൻ ഫണ്ടിലേക്ക് തുകകൾ ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ നഗരസഭ അനാസ്ഥ കാട്ടിയെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
ചട്ടങ്ങൾ പ്രകാരം സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വിരമിക്കുന്ന സമയത്ത് പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കേണ്ട ചുമതല നഗരകാര്യ ഡയറക്ടർക്കാണ്. എന്നാൽ, പെൻഷൻ തുകകളും മറ്റും യഥാവിധി നഗരകാര്യ ഡയറക്ടറിൽനിന്ന് ലഭ്യമായില്ല. ഈ സാഹചര്യത്തിലാണ് തൃശൂർ കോർപറേഷൻ തന്നെ ജീവനക്കാർക്ക് തനത് ഫണ്ടിൽനിന്ന് 10.21 കോടി രൂപ നൽകിയത്.
നഗരസഭ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർക്കായി പെൻഷൻ പദ്ധതി 1967ലെ കേരള മുനിസിപ്പൽ എംപ്ലോയീസ് ഡെത്ത് കം റിട്ടയർമെൻറ് ബെനഫിറ്റ്സ് ചട്ടങ്ങൾ പ്രകാരമാണ് നടപ്പാക്കിയത്. സർക്കാർ 1967 നവംബർ മുതൽ ഇത് നടപ്പിലാക്കി. നഗരകാര്യ ഡയറക്ടർ കൈകാര്യം ചെയ്യുന്ന ഈ ഫണ്ടിലേക്ക് വിഹിതമായി ഓരോ സ്വയം ഭരണ സ്ഥാപനവും പ്രതിമാസം ഓരോ ജീവനക്കാരന്റെയും ആകെ വേതനത്തിന്റെ 15 ശതമാനം വീതം തനത് ഫണ്ടിൽനിന്ന് അടക്കണം. ഈ തുകകൾ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനായി ഉപയോഗപ്പെടുത്തണമെന്നും അത് വഴി പിൽക്കാലത്ത് ആനുകൂല്യങ്ങൾ നൽകാനുള്ള ബാധ്യതയിൽനിന്ന് സ്വയംഭരണ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നും ഇതിൽ വിഭാവനം ചെയ്തു.
ചട്ടങ്ങൾ പ്രകാരം പെൻഷൻ അനുവദിക്കുമ്പോൾ ഡയറക്ടർ ഒരു വർഷത്തിനുള്ളിൽ വിരമിക്കുന്ന ജീവനക്കാർക്കുള്ള പെൻഷനും മറ്റു ആനുകൂല്യങ്ങളും നൽകാൻ വേണ്ട തുക സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നഗരകാര്യ ഡയറക്ടർ അനുവദിക്കണം. മറ്റുള്ള പെൻഷൻകാർക്ക് ഒരു വർഷം പെൻഷൻ നൽകാൻ വേണ്ട തുകയും ഓരോ വർഷവും മാർച്ച് 31ന് മുമ്പ് നഗരകാര്യ ഡയറക്ടർ സ്ഥാപനങ്ങൾക്ക് നൽകണമെന്നാണ് വ്യവസ്ഥ. ഇപ്രകാരം നൽകുന്ന തുക പെൻഷൻ ഫണ്ട് എന്ന പേരിലുള്ള പ്രത്യേക അക്കൗണ്ടിൽ സ്വയം ഭരണ സ്ഥാപന സെക്രട്ടറി സൂക്ഷിക്കണം. അതിൽനിന്ന് ഓരോ മാസവും പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നാണ് ചട്ടം.
2023-24 വർഷത്തിൽ തൃശൂർ കോർപറേഷനിൽനിന്ന് നഗരകാര്യ ഡയറക്ടറേറ്റിലേക്ക് പെൻഷൻ കോൺട്രിബ്യൂഷൻ ഇനത്തിൽ തുക ഒന്നും അടച്ചിട്ടില്ല. നഗരകാര്യ ഡയറക്ടറേറ്റിൽനിന്ന് ഒരു തുകയും കോർപറേഷനിൽ നൽകിയതുമില്ല. കോർപറേഷന്റെ 2023-24 കാലയളവിലെ പെൻഷൻ വിതരണം പരിശോധിച്ചതിൽ ഈ കാലയളവിൽ ജീവനക്കാരുടെ റെഗുലർ പെൻഷൻ ഇനത്തിൽ പെൻഷൻ ആനുകൂല്യങ്ങൾക്കായി കോർപ്പറേഷന്റെ തനത്/വികസന ഫണ്ടിൽനിന്ന് 10.21 കോടി ചെലവഴിച്ചു. ഇത് കോർപറേഷൻ പ്രവർത്തനത്തിലെ ഗുരുതര വീഴ്ചയാണ്.


