ഇരിങ്ങാലക്കുട ടൗൺ ബാങ്ക്; ഇൻഷുറൻസിന് അപേക്ഷിച്ചത് 14,000 പേർ; 497 കോടിക്ക് തുല്യം
text_fieldsതൃശൂർ: റിസർവ് ബാങ്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ ഇരിങ്ങാലക്കുട ടൗൺ ബാങ്കിൽനിന്ന് നിക്ഷേപം തിരികെ ലഭിക്കുന്നതിന് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപറേഷന് (ഡി.ഐ.സി.ജി.സി) അപേക്ഷ നൽകിയത് 14,000ത്തിൽ അധികം പേർ. മൊത്തം 497 കോടിയോളം രൂപക്കാണ് അപേക്ഷിച്ചിട്ടുള്ളതെന്ന് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ജൂലൈ 30ന് ടൗൺ ബാങ്കിന്റെ പ്രവർത്തനത്തിന് കർശന നിയന്ത്രണമേർപ്പെടുത്തി റിസർവ് ബാങ്ക് പുറത്തിറക്കിയ ഉത്തരവിലാണ് ഡി.ഐ.സി.ജി.സി പദ്ധതി പ്രകാരം നിക്ഷേപകർക്ക് പണം ലഭിക്കാൻ അപേക്ഷിക്കാമെന്ന് വ്യക്തമാക്കിയത്. അന്ന് നൽകിയ 45 ദിവസ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. അപേക്ഷിച്ച 14,000ത്തിൽ അധികം പേർക്ക് ഒക്ടോബർ 28നകം പണം ലഭിക്കും. അഞ്ചു ലക്ഷം രൂപ വരെയാണ് ഡി.ഐ.സി.ജി.സി വഴി ലഭിക്കുക.
അതേസമയം, ബാക്കി നിക്ഷേപകർക്ക് കൂടി 75 ദിവസത്തിനകം അപേക്ഷിക്കാൻ അവസരമുണ്ടാകുമെന്ന് ബാങ്ക് അധികൃതർ സൂചിപ്പിച്ചു. ഇവർക്ക് ഒക്ടോബർ 13 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. 930 കോടി നിക്ഷേപമാണ് ബാങ്കിലുള്ളത്. മൂന്നു വർഷമായി ബാങ്ക് നഷ്ടത്തിൽ പ്രവർത്തിച്ചതോടെയാണ് ജൂലൈ 30ന് ആറു മാസത്തേക്ക് ബാങ്കിങ് പ്രവർത്തനങ്ങൾ ഏതാണ്ട് പൂർണമായി തടഞ്ഞ് റിസർവ് ബാങ്ക് ഉത്തരവിട്ടത്. മൂന്നു വർഷത്തിനിടെ മൊത്തം 71 കോടിയിലധികം രൂപയുടെ നഷ്ടമാണുണ്ടായത്.
കഴിഞ്ഞ സാമ്പത്തികവർഷം നിക്ഷേപകർക്ക് പലിശ ഇനത്തിൽ 55 കോടി രൂപ നൽകിയപ്പോൾ വായ്പയുടെ പലിശയായി ബാങ്കിന് തിരികെ ലഭിച്ചത് 23 കോടി രൂപ മാത്രമാണ്. ഡി.ഐ.സി.ജി.സിയിലെ ഓഡിറ്റിങ് വിഭാഗം ബാങ്കിലെത്തി പരിശോധന നടത്തിയ ശേഷമാകും നിക്ഷേപകർക്ക് പണം തിരികെ നൽകി തുടങ്ങുക. ഒക്ടോബർ 28നകം ഇതുവരെ അപേക്ഷിച്ചവർക്ക് അവർ നൽകിയ അക്കൗണ്ടിലേക്ക് പണം കൈമാറും. അതേസമയം, അഞ്ചു ലക്ഷം രൂപക്ക് മുകളിൽ നിക്ഷേപമുള്ളവർക്ക് ബാക്കി തുക ബാങ്കിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച ശേഷമേ ലഭിക്കൂ.