15,000 പേരെ നീന്തല്‍ പരിശീലിപ്പിച്ച് ഹരിലാല്‍ മൂത്തേടത്ത്
text_fieldsകുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്ന ഹരിലാല്‍
കൊടകര: 15,000 ഓളം പേരെ നീന്തല്‍ പരിശീലിപ്പിച്ച് ആളൂര്‍ കുഴിക്കാട്ടുശേരി സ്വദേശി ഹരിലാല്‍ മൂത്തേടത്ത്. സ്കൂള്‍ കാലഘട്ടം മുതൽ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്കിയാല് വെള്ളത്തില്‍ ജീവന് പൊലിയുന്ന സംഭവങ്ങള്‍ ഒരളവോളം കുറക്കാമെന്നാണ് കുട്ടികളെ നീന്തല്‍ പഠിപ്പിക്കാൻ ജീവിതം സമര്‍പ്പിച്ച ഹരിലാല്‍ പറയുന്നത്.
ജില്ലയില്‍ അടുത്തകാലത്ത് മുങ്ങിമരിച്ചവരിലേറെയും നീന്തല്‍ അറിയാത്തവരായിരുന്നുവെന്ന് ഒന്നരപതിറ്റാണ്ടിലേറെയായി കൗമാരക്കാരെ നീന്തൽ പരിശീലിപ്പിച്ചുവരുന്ന ഹരിലാൽ പറയുന്നു. ഏതു പ്രായത്തിലും നീന്തല്‍ പഠിക്കാനാവുമെങ്കിലും പ്രൈമറി ക്ലാസ് മുതല്‍ പരിശീലിക്കുന്നതാണ് ഉത്തമമെന്ന് ഇദ്ദേഹം പറയുന്നു.
ആഴമുള്ള കുളങ്ങളിലും പുഴയിലുമാണ് നീന്തൽ പഠിപ്പിക്കുന്നത്. കുഴിക്കാട്ടുശേരിയിലെ വീടിനോടു ചേര്‍ന്നുള്ള മഷിക്കുളത്തില്‍ രണ്ടുപതിറ്റാണ്ടോളമായി സൗജന്യമായി കുട്ടികൾക്ക് നീന്തല്‍ പരിശീലനം നല്കി വരുന്നുണ്ട്. ശാസ്ത്രീയമായി നീന്തല്‍ അഭ്യസിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷമാണ് ഹരിലാല്‍ പരിശീലനം നല്കാനിറങ്ങിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ആറുപേര്‍ കൂടി ഹരിലാലിനൊപ്പം പരിശീലകരായി പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലും ഇവര്‍ നിരവധി പേര്‍ക്ക് നീന്തല്‍ പരിശീലനം നല്കിവരുന്നു. പാഠ്യപദ്ധതിയിലെ ഒരിനമായി നീന്തല്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കിയാല് ജലാശയങ്ങളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം കുറയുമെന്ന് ഹരിലാല്‍ പറയുന്നു. ഒരു ഘട്ടത്തില്‍ ഇത്തരത്തിലുള്ള പ്രഖ്യാപനമുണ്ടായെങ്കിലും തുടര്‍ നടപടി ഉണ്ടാകുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ സങ്കടം.