ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും മിനിലോറിയും കാറും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്
text_fieldsപന്നിത്തടം സെന്ററിൽ മിനിലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ്
പന്നിത്തടം: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും മിനിലോറിയും കാറും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്കേറ്റു. പന്നിത്തടം സെന്ററിൽ വെള്ളിയാഴ്ച പുലർച്ച അഞ്ചോടെയാണ് അപകടം. മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ച ബസും ഡി.ജെ പാർട്ടിക്കാരുടെ പിക്അപ് വാനും കാറുമാണ് പരസ്പരം കൂട്ടിയിടിച്ചത്. അപകടത്തിൽ മൂന്നു വാഹനങ്ങളും മറിഞ്ഞു.
പന്നിത്തടം സെന്ററിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിലിടിച്ച് മറിഞ്ഞ മിനിലോറി
കേച്ചേരി-അക്കിക്കാവ് ബൈപാസ് വഴി കോഴിക്കോട്ടേക്കു പോകുകയായിരുന്ന അയ്യപ്പന്മാരുടെ ബസിൽ കുന്നംകുളം ഭാഗത്തുനിന്ന് അമിത വേഗത്തിൽ വരുകയായിരുന്ന മിനിലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും നിയന്ത്രണംവിട്ട് മറിഞ്ഞു. ഇതിനിടെ അക്കിക്കാവ് ഭാഗത്തു നിന്ന് വന്ന കാർ മിനിലോറിയിൽ ഇടിച്ച് മറിഞ്ഞു. ബസിലുണ്ടായിരുന്ന അയ്യപ്പന്മാർക്കും മിനിലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വെള്ളറക്കാട് യൂത്ത് വോയ്‌സ് ആംബുലൻസ് പ്രവർത്തകരും പന്നിത്തടം അൽഅമീൻ ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. പാവറട്ടിയിൽ പരിപാടി കഴിഞ്ഞ് പാലക്കാട് നെന്മാറയിലേക്ക് മടങ്ങി പോവുകയായിരുന്നു ഡി.ജെ പാർട്ടി സംഘം. വാഹനങ്ങൾ മറിഞ്ഞ് നിരങ്ങി നീങ്ങി റോഡരികിലുണ്ടായിരുന്ന തട്ടുകടകൾ തകർന്നു. രാത്രി പന്നിത്തടത്ത് നടക്കുന്ന അപകടങ്ങളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ എട്ടിന് രാത്രിയിലും ഇതേ സ്ഥലത്ത് രണ്ടു കാറുകൾ ഇടിച്ചിരുന്നു. അപകടത്തിൽ സിഗ്നൽ സ്ഥാപിച്ച ഇരുമ്പുതൂൺ തകർന്നിരുന്നു.


