ഒപ്പമുണ്ട് കേരളം; അനീഷയുടെ നേട്ടത്തിന് എ പ്ലസ്
text_fieldsഅനീഷ
തളിക്കുളം: സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്വന്തം വീട്ടിലെ മുറിയിലിരുന്ന് പത്താംതരം തുല്യത പരീക്ഷ എഴുതിയ അനീഷക്ക് നാല് എ പ്ലസോടെ തിളക്കമാർന്ന വിജയം.
ജീവിതപ്രയാസങ്ങൾക്കിടയിലും വീട്ടിലെ മുറി പരീക്ഷാഹാളാക്കിയാണ് കഴിഞ്ഞ നവംബർ എട്ടിന് തുല്യത പരീക്ഷ എഴുതിയത്. മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച തൃശൂർ തളിക്കുളം ആസാദ് നഗറിൽ താമസിക്കുന്ന പണിക്ക വീട്ടിൽ അഷറഫിന്റെ മകൾ അനീഷയാണ് (32) പ്രയാസങ്ങൾക്കിടയിലും മികച്ച വിജയം നേടിയത്.
മൂന്നു വിഷയങ്ങളിൽ എ ഗ്രേഡും രണ്ടു വിഷയങ്ങളിൽ ബി പ്ലസും നേടിയാണ് വിജയം. പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയ ശേഷമാണ് പത്താംതരം തുല്യത പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ സാധിച്ചത്.
പ്രത്യേക കേസായി പരിഗണിച്ചാണ് അനുമതി നൽകിയത്. പരീക്ഷയുടെ രഹസ്യസ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്താൻ വീട്ടിലെ ഒരു മുറി സ്കൂൾ പരീക്ഷ ഹാളിന് സമാനമായി സജ്ജീകരിച്ചിരുന്നു. അനീഷയുമായി മന്ത്രി ശിവൻകുട്ടി വിഡിയോ കാളിൽ സംസാരിച്ചിരുന്നു.
2023ൽ അനീഷക്ക് ഏഴാം ക്ലാസ് തുല്യത പരീക്ഷയും വീട്ടിലിരുന്ന് എഴുതാൻ സാക്ഷരത മിഷൻ അനുമതി നൽകിയിരുന്നു. എഴുത്തിനോടായി പിന്നെ കമ്പം.
2021ലെ ലോക ഭിന്നശേഷിദിനത്തിൽ സാമൂഹിക നീതി വകുപ്പ് നടത്തിയ ‘ഉണർവ്’ എന്ന ഓൺലൈൻ മത്സരത്തിൽ അനീഷ എഴുതിയ കഥക്ക് തൃശൂർ ജില്ലയിൽ ഒന്നാം സമ്മാനം ലഭിച്ചു. 2023ലെ മികച്ച ഭിന്നശേഷിക്കാരിയായ മാതൃക വ്യക്തി എന്ന വിഭാഗത്തിൽ സംസ്ഥാന ഭിന്നശേഷി അവാർഡും ലഭിച്ചു.
അനീഷക്ക് എട്ടു വയസ്സുള്ളപ്പോൾ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് രോഗം വന്നത്. എന്നിട്ടും അഞ്ചാം ക്ലാസ് വരെ പഠനത്തിന് പോയിരുന്നു. നടക്കാൻ പ്രയാസം മൂലം അഞ്ചിൽ പഠനം നിർത്തി. പിന്നീടാണ് തുല്യത പരീക്ഷക്കായി പഠനം ആരംഭിച്ചത്. വിജയം നേടിയതിൽ ഏറെ സന്തോഷമുണ്ടെന്നും തുടർന്നും പഠിക്കാനും വീട്ടിലിരുന്ന് പരീക്ഷ എഴുതാനും സർക്കാർ സഹായിക്കണമെന്നും അനീഷ പറയുന്നു.


