കുഴൂർ ചിറക്കരയിലുണ്ട് കാലം കാത്തുവെച്ച ഒരു അറിയിപ്പ്
text_fieldsകുഴൂർ ചിറക്കരയിലെ പഴയകാല കോൺക്രീറ്റ് ബോർഡ്
മാള: കുഴൂർ ചിറക്കരയിലെ പഴക്കമുള്ള കോൺക്രീറ്റ് ബോർഡ് കൗതുകമാവുന്നു. കുഴൂർ പഞ്ചായത്ത് എരവത്തൂർ ചിറയുടെ സമീപത്താണ് പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച നൂറ്റാണ്ടോളം പഴക്കമുള്ള ബോർഡ്. ചിറയുടെ കിഴക്കുവശത്തെ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ “ഈ ചിറയിൽ നിന്നോ സമീപത്തുനിന്നോ മത്സ്യം പിടിച്ചുകൂടാ” എന്നും അതിന് താഴെ “കുഴൂർ” എന്നും മലയാള വർഷം 30-09-1109 (1934 ഡിസംബർ 15) എന്ന തീയതിയും പി.ഡബ്ല്യു.ഡി.യുടെ മുദ്രയും രേഖപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി രാജ്യത്തിന്റെ ഭരണകാലത്ത് സ്ഥാപിച്ച ഈ ബോർഡിന് 91 വർഷത്തിലധികം പഴക്കമുണ്ട്. ചരിത്രപരവും പൈതൃക മൂല്യമുള്ളതുമായ സർക്കാർ രേഖയാണിതെന്ന് പഴമക്കാർ ചൂണ്ടിക്കാട്ടുന്നു. ബോർഡിന്റെ ഒരു ഭാഗം കേടുവന്നിട്ടുണ്ട്.
കുണ്ടൂർ പുഴയിൽ നിന്ന് കുഴൂർ-അന്നമനട പഞ്ചായത്തുകൾക്കിടയിൽ നീണ്ടു കിടക്കുന്ന കരിക്കാട്ടിച്ചാലിലേക്ക് മത്സ്യസമ്പത്ത് കടന്നു പോകുന്നത് പ്രധാനമായും ഈ ചിറ വഴിയാണെന്നും അത് തടഞ്ഞ് മത്സ്യം പിടിക്കുന്നത് തടയാനാണ് അന്നത്തെ സർക്കാർ ബോർഡ് സ്ഥാപിച്ചതെന്നും നാട്ടുകാർ പറയുന്നു.
ബോർഡിനെ പൈതൃക സ്മാരകമായി അംഗീകരിച്ച് സംസ്ഥാന പുരാവസ്തു വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവ അടിയന്തിര സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കോൺക്രീറ്റ് ബോർഡ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് അധികൃതർക്ക് നിവേദനം നൽകി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും ജില്ല കലക്ടർ, പുരാവസ്തു വകുപ്പ് ഡയറക്ടർ എന്നിവർക്കുമാണ് അപേക്ഷ നൽകിയത്.


