ഇത് മതങ്ങൾക്കപ്പുറത്തെ സ്നേഹക്കാഴ്ച
text_fieldsഅബ്ദുസ്സമദും സയീദും (വൃത്തത്തിനുള്ളിൽ) ലതയുടെ അന്ത്യകർമങ്ങളിൽ പങ്കെടുത്തപ്പോൾ
പഴുവിൽ: ‘ഞങ്ങൾക്ക് ഇനി നിങ്ങൾ മാത്രമാണുള്ളത്, എന്തിനും കൂടെയുള്ള നിങ്ങൾ ഞങ്ങൾ മരണപ്പെടുമ്പോൾ അന്ത്യകർമങ്ങൾ ചെയ്യണം’ -കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ച മലപ്പുറം അങ്ങാടിപ്പുറം സ്റ്റേറ്റ് ബാങ്കിലെ മാനേജറായിരുന്ന ലത സഹോദരസ്ഥാനത്തുള്ള അബ്ദുസ്സമദിനോടും സയീദിനോടും എപ്പോഴും പറയാറുണ്ടായിരുന്ന കാര്യമാണ്.
ഈ ഓർമപ്പെടുത്തൽ ശിരസാവഹിച്ച് ലതയുടെ മരണവിവരമറിഞ്ഞത് മുതൽ സംസ്കാരച്ചടങ്ങുകളിലടക്കം ഈ സഹോദരന്മാർ പങ്കാളികളായത് മതങ്ങൾക്കപ്പുറത്തെ സ്നേഹക്കാഴ്ചയായി. കാട്ടൂർ കാരാഞ്ചിറ ഹൈസ്കൂൾ മൈതാനിക്കു സമീപത്തെ വീട്ടുവളപ്പിൽ ശനിയാഴ്ചയായിരുന്നു സംസ്കാരച്ചടങ്ങുകൾ.
കിഴുപ്പുള്ളിക്കര കണിയാംപറമ്പിൽ സഗീറിന്റെയും ആരിഫയുടെയും ഒറ്റ പ്രസവത്തിൽ പിറന്ന നാലുമക്കളിൽ രണ്ടുപേരാണ് അബ്ദുസ്സമദും സയീദും. മറ്റുമക്കളായ സാഹിദയും ഷിയാദും ഗൾഫിലാണ്. അടുത്ത ബന്ധുക്കളെപ്പോലെ കഴിഞ്ഞിരുന്ന അയൽവാസി ശങ്കരനും കൗസല്യക്കും ലതയും മിനിയുമടക്കം നാലു മക്കളാണ് ഉണ്ടായിരുന്നത്. ഒറ്റ പ്രസവത്തിൽ നാലു പേർ പിറന്നതിന്റെ പ്രയാസങ്ങളെ തുടർന്ന് ശങ്കരനും കൗസല്യയുമാണ് ആരിഫയുടെ നാലു മക്കളെയും ചെറുപ്പകാലത്ത് പരിപാലിച്ചിരുന്നത്.
ഈ സ്നേഹവും ഒരുമയും ശങ്കരനും കുടുംബവും കാരാഞ്ചിറയിലേക്കു താമസം മാറ്റിയിട്ടും പൂർവാധികം തിളക്കത്തോടെ തുടർന്നു. രണ്ടു കുടുംബങ്ങളിലെ മക്കളും പഠനങ്ങൾക്ക് പോയാലും ഒത്തുകൂടിയിരുന്നു. ഇതിനിടെ ശങ്കരനും ഭാര്യയും ഒരു മകനും മകളും വിവിധ സമയങ്ങളിലായി മരിച്ചു. ജോലിയും കുടുംബവുമായി പലയിടത്തായെങ്കിലും അബ്ദുസ്സമദും സയീദും സഹോദരങ്ങളും ലതയും സഹോദരിയുമായും ടെലിഫോണിലൂടെയടക്കം ബന്ധങ്ങൾ തുടർന്നുപോന്നു.
വെള്ളിയാഴ്ച ബാങ്കിൽ ജോലിക്കിടെയാണ് ലത കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിയശേഷം മരണത്തിന് കീഴടങ്ങി. വിവരമറിഞ്ഞ് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് ലതയുടെ സഹോദരി മിനിയുമായി അബ്ദുസ്സമദാണ് പോയത്.
മതങ്ങൾക്കപ്പുറം മാനവികതയുടെ സന്ദേശവുമായി അന്ത്യകർമങ്ങളിൽ പങ്കാളികളാകാനുള്ള മാതാവ് ആരിഫയുടെ നിർദേശം ലതയുടെ ബന്ധുക്കളടക്കം അംഗീകരിക്കുകയായിരുന്നു.