അബ്ദു കുഞ്ഞിക്ക് രാഷ്ട്രീയമുണ്ട്; മതിലിനില്ല
text_fieldsഇരു മുന്നണികൾക്കും പകുത്ത് നൽകിയ മതിലിന് നടുവിൽ അബ്ദു കുഞ്ഞി
മതിലകം: അബ്ദുകുഞ്ഞിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്നാൽ തന്റെ അതിർത്തി മതിലിൽ അത് കാണിക്കാറില്ല. മറുപക്ഷക്കാരോട് വൈരാഗ്യബുദ്ധിയും ഈ സാധാരണക്കാരനില്ല. ഒപ്പം നാടും സൗഹൃദങ്ങളും ഈ മനുഷ്യന് പ്രധാനമാണ്. അതുകൊണ്ട് തന്നെ മതിലകം ജുമാമസ്ജിദിന് പടിഞ്ഞാറ് പഞ്ചായത്ത് റോഡിന് സമീപം താമസിക്കുന്ന അബ്ദു കുഞ്ഞി വീട്ടുമതിൽ ഇത്തവണയും ഇരുമുന്നണികൾക്കുമായി പകുത്ത് നൽകി.
പ്രവർത്തകനല്ലെങ്കിലും കോൺഗ്രസ് അനുഭാവിയായ കോലോത്തുംപറമ്പിൽ അബ്ദുകുഞ്ഞിയുടെ വീട്ടുമതിലിൽ മുമ്പ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രരസ്യങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇടക്ക് കോൺഗ്രസുകാരിൽ ചിലർ സി.പി.എമ്മിലേക്ക് മാറി.
അവർ വന്ന് മതിൽ ചോദിച്ചപ്പോൾ സഹൃദയനായ അബ്ദു കുഞ്ഞിക്ക് തള്ളാനായില്ല. അന്ന് തുടങ്ങിയതാണ് യു.ഡി.എഫിനും എൽ.ഡി.എഫിനും മതിൽ പകുത്തുനൽകൽ.
ഇരുകൂട്ടർക്കും പരസ്യങ്ങൾക്ക് മതിൽ പകുത്തുനൽകുമ്പോഴും ജയപ്രതീക്ഷയിൽ കോൺഗ്രസിനൊപ്പമാണ് അബ്ദുകുഞ്ഞിയുടെ മനസ്സ്. ദേശീയ രാഷ്ട്രീയം കണക്കിലെടുത്ത് വോട്ട് കോൺഗ്രസിനാകണമെന്നാണ് നിലപാട്.