ഇവിടെ മരണം പതിയിരിക്കുന്നു
text_fieldsദേശീയപാത 66ലെ അപകടമേഖലയായ കയ്പമംഗലം ഭാഗത്തെ ആകാശ ദൃശ്യം
കയ്പമംഗലം: പണികൾ പുരോഗമിക്കുന്ന നിർദിഷ്ട ദേശീയ പാത 66 മരണപാതയായി മാറുന്നു. റോഡരികിലൂടെ നടക്കുന്നവർ പോലും പേടിക്കണം. ഇരുചക്രവാഹന യാത്രികരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. റോഡിലെ കുഴിയിലോ മറ്റു വാഹനങ്ങളിലോ തട്ടി നിങ്ങൾ വീഴാം. കുറച്ചു ദിവസങ്ങളായി രാപ്പകൽ വ്യത്യാസമില്ലാതെ അപകടങ്ങൾ പതിവാകുകയാണ്. കൂടുതലും വില്ലനാകുന്നത് ദേശീയ പാത നിർമാണ സാമഗ്രികൾ കൊണ്ട് തലങ്ങും വിലങ്ങും ഓടുന്ന ടോറസ് ലോറികളും റോഡിലെ കുഴികളുമാണ്. അടുത്തിടെയുണ്ടായ മൂന്ന് അപകടങ്ങളിലും ജീവനെടുത്തത് ടോറസ് ലോറി തന്നെ.
ഒക്ടോബർ 25, 26 തീയതികളിൽ രണ്ടു ഇരുചക്രവാഹന യാത്രികർ മരിച്ചതാണ് ഒടുവിലത്തെ അപകടം. 25 ന് എടമുട്ടത്ത് മകനുമൊത്ത് സ്കൂട്ടറിൽ വരവെയാണ് വീട്ടമ്മ ടോറസ് കയറി മരിച്ചത്. തൊട്ടടുത്ത ദിവസം ബൈക്ക് യാത്രികനായ യുവാവായിരുന്നു ടോറസിനടിയിൽ ഞെരിഞ്ഞമർന്നത്. കയ്പമംഗലം പനമ്പിക്കുന്ന് പഴയ പോസ്റ്റ് ഓഫിസിനടുത്തായിരുന്നു അപകടം. സെപ്റ്റംബർ 21 ന് ചൊന്താപ്പിന്നിയിലും സമാന അപകടമുണ്ടായപ്പോൾ ജീവൻ ബലി നഷ്ടമായത് കയ്പമംഗലം സ്വദേശിയായ 89 കാരനായ വ്യാപാരിക്കായിരുന്നു. ഇദ്ദേഹത്തിന്റെ
ഇലക്ട്രിക്ക് സ്കൂട്ടറിന് പിറകിൽ ടോറസ് ലോറിയിടിക്കുകയായിരുന്നു. ഇവിടെയും റോഡിൽ നിറയെ ആഴത്തിലുള്ള കുഴികളാണ്. രണ്ട് മാസം മുമ്പ് മൂന്നുപീടികയിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചിരുന്നു. കയ്പമംഗലത്ത് ബൈക്ക് യാത്രികൻ സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചതും മാസങ്ങൾക്ക് മുമ്പാണ്. ദേശീയപാത ബൈപ്പാസിലൂടെ തെറ്റായ ദിശയിൽ വന്ന സ്വകാര്യ ബസാണ് യുവാവിന്റെ ജീവനെടുത്തത്.
പ്രധാന കാരണം അശാസ്ത്രീയ നിർമാണം
കയ്പമംഗലം: ദേശീയപാതയുടെ അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ് ഭൂരിഭാഗം അപകടങ്ങൾക്കും വഴിയൊരുക്കിയത്. പ്രധാന പാതയുടെ നിർമാണം നടക്കുമ്പോൾ ബൈപ്പാസ് റോഡുകൾ സുഗമമായ ഗതാഗതത്തിന് കഴിയുന്ന വിധത്തിൽ പണി പൂർത്തീകരിച്ചു നൽകേണ്ടത് ദേശീയ പാത അതോറിറ്റിയുടെ ചുമതലയാണ്. ഇത് പാലിക്കാതെയാണ് തകൃതിയായ നിർമാണം നടക്കുന്നത്. തീരദേശ മേഖലയായതിനാൽ വെള്ളം സുഗമമായി ഒഴുകിപ്പോയിരുന്ന തോടുകൾ നികത്തി അശാസ്ത്രീയമായി കാനകൾ നിർമിച്ചപ്പോൾ ബൈപാസ് റോഡുകളിൽ വെള്ളം കയറി ഗതാഗത യോഗ്യമല്ലാതായി. സമീപ പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമായി. നാട്ടുകാർ സമരരംഗത്തിറങ്ങിയിട്ടും സ്ഥിതിക്ക് മാറ്റമില്ല. നിലവിലുള്ള ദേശീയ പാതയിലാകട്ടെ ആഴത്തിലുള്ള കുഴികളാണ്. മഴ പെയ്താൽ വെള്ളം നിറഞ്ഞ കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാണ്. താൽക്കാലിക പരിഹാരമെന്ന രീതിയിൽ കുഴികൾ നികത്തി തടിതപ്പുകയാണ് ദേശീയപാത അധികൃതർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.
കൊടുങ്ങല്ലൂർ -ഗുരുവായൂർ റൂട്ടിൽ അപകടക്കുഴികൾ
കയ്പമംഗലം: കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിൽ പലയിടങ്ങളിലും റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ചെന്ത്രാപ്പിന്നി മുതൽ കയ്പമംഗലം പനമ്പിക്കുന്ന് വരെയുള്ള ഭാഗം ബൈപ്പാസിന്റെ ഒരു വശത്തുകൂടി മാത്രമാണ് ഗതാഗതം എർപ്പെടുത്തിയിരിക്കുന്നത്. രൂക്ഷമായ ഗതാഗത കുരുക്കിനും അപകടങ്ങൾക്കും ഇത് ഇടയാക്കുന്നുണ്ട്. ചേറ്റുവ മുതൽ തൃപ്രയാർ വരെയുള്ള മേഖലയിൽ പൊടിശല്യം രൂക്ഷമാണ്. റോഡ് നികത്താനായി ടോറസ് ലോറികളിൽ പൂഴിമണൽ കൊണ്ടുവരുന്നതാണ് ഇതിന് കാരണം.
ജനത്തിന്റെ ക്ഷമ പരീക്ഷിച്ച് കമ്പനി
തൃശൂർ: കാപ്പിരിക്കാട് മുതൽ ഇടപ്പള്ളി വരെയുള്ള റീച്ചിൽ ജോലികൾ പൂർണമായും ഇഴഞ്ഞു നീങ്ങുകയാണ്. ദുരിതം പേറുന്നത് ജനങ്ങളും. ചേറ്റുവ പാലത്തിലെ പണിയും തൊട്ടടുത്ത മേൽപാലം പണിയും ഇഴയുകയാണ്. കൊടുങ്ങല്ലൂർ, ചന്തപ്പുര, പൊരിബസാർ കാളമുറി, ചെന്ത്രാപ്പിന്നി തുടങ്ങിയ സ്ഥലങ്ങളിൽ ഒറ്റ സർവിസ് റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. അപകടങ്ങൾക്കും മണിക്കൂറുകൾ നീണ്ട ഗുരുതരമായ വാഹനക്കുരുക്കുകൾക്കും ഇത് വഴിവെക്കുന്നു.
സർവിസ് റോഡുകൾ എളുപ്പം തകരുന്നുമുണ്ട്. അരികിലൂടെയുള്ള കാനകളിലെ സ്ലാബുകൾ തകരുന്നതും പതിവാണ്. ജനത്തിന്റെ ദുരിതം പരിഗണിക്കാൻ കമ്പനിയോ അധികൃതരോ തയ്യാറാവുന്നില്ല. ചാവക്കാട്-കൊടുങ്ങല്ലൂർ റീച്ചിൽ 15 ലധികം മേൽ പാലങ്ങളുണ്ട്. ഒരെണ്ണം പോലും തുറക്കാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അപൂർവം സ്ഥലങ്ങളിൽ മാത്രം കുറഞ്ഞ റോഡു പണി കഴിഞ്ഞ് തുറന്നു കൊടുത്തു എന്നത് മാത്രമാണ് ഏക പുരോഗതി.


