കാർഷിക സർവകലാശാല 10% വാർഷിക ഫീസ് വർധന വിദ്യാർഥികൾക്ക് ഇരുട്ടടി
text_fieldsതൃശൂർ: കാർഷിക സർവകലാശാലയിൽ വിദ്യാർഥി സമരത്തെ തുടർന്ന് ഫീസ് കുറക്കാൻ തീരുമാനിച്ചപ്പോഴും വിദ്യാർഥികൾക്ക് ഇരുട്ടടിയായി വാർഷിക ഫീസ് വർധന. നിലവിൽ ഫീസ് 6000 രൂപ മുതൽ 7000 രൂപ വരെ വർധിച്ചിട്ടുണ്ട്.
ഇതോടൊപ്പമാണ് ഓരോ വർഷവും പത്ത് ശതമാനം വീതം ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം. ഇതോടെ നാല് വർഷത്തിനിടെ 10,000 രൂപക്ക് മുകളിൽ ഫീസ് വർധിക്കും. മറ്റു സർവകലാശാലകളിൽ വാർഷിക ഫീസ് വർധന അഞ്ച് ശതമാനം മാത്രമായിരിക്കുമ്പോഴാണ് കാർഷിക സർവകലാശാലയിൽ പത്ത് ശതമാനം ആക്കിയത്.
കഴിഞ്ഞ ദിവസം കൃഷി മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കുത്തനെ ഉയർത്തിയ ഫീസ് 50 ശതമാനത്തോളം കുറച്ച തീരുമാനത്തിനിടെ ആരുടെയും ശ്രദ്ധയിൽപെടാതെയാണ് പത്ത് ശതമാനം വാർഷിക ഫീസ് വർധന തീരുമാനിച്ചത്. ഫീസ് കുറച്ച തീരുമാനം ആദ്യം അംഗീകരിച്ച എസ്.എഫ്.ഐ, കെ.എസ്.യു തുടങ്ങിയ വിദ്യാർഥി സംഘടനകൾ വാർഷിക ഫീസ് വർധനക്കെതിരെ രംഗത്തെത്തി. പത്ത് ശതമാനം വാർഷിക ഫീസ് വർധന ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ഇരു സംഘടനകളുടെയും നേതാക്കൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഫീസ് വർധിപ്പിച്ചത് കുറച്ച നടപടിയെ അംഗീകരിക്കുന്നതായും വാർഷിക ഫീസ് വർധന തോത് വിദ്യാർഥികൾക്ക് തിരിച്ചടിയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ‘മാധ്യമ’ത്തോട് പറഞ്ഞു. വർധന അംഗീകരിക്കാനാകില്ലെന്നും പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർഷിക ഫീസ് വർധന വിദ്യാർഥികൾക്ക് വലിയ ഭാരമുണ്ടാക്കുന്നതാണെന്നും ഇതിനെതിരെ രംഗത്തുണ്ടാകുമെന്നും എസ്.എഫ്.ഐ തൃശൂർ ജില്ല സെക്രട്ടറി അനസ് ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ആഗസ്റ്റ് 28ന് ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് ബിരുദത്തിന് സെമസ്റ്റർ ഫീസ് 50,000 രൂപയും ബിരുദാനന്തര ബിരുദത്തിന് 55,000 രൂപയും പിഎച്ച്.ഡിക്ക് 60,000 രൂപയും ആക്കണമെന്ന നിർദേശം വൈസ് ചാൻസലർ ബി. അശോക് അവതരിപ്പിച്ചത്. 38.80 കോടിയാണ് ഫീസ് വർധനയിലൂടെ അധിക വരുമാനം ലക്ഷ്യമിട്ടത്. ഇതിനെ എക്സിക്യൂട്ടിവ് അംഗങ്ങൾ എതിർത്തു.
ആഗസ്റ്റ് 30ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലും ഭൂരിപക്ഷം പേരും ഫീസ് വർധനയെ എതിർത്തു. ഇതെല്ലാം മറികടന്ന് സെപ്റ്റംബർ മൂന്നിന് ബിരുദത്തിന് 48,000, ബിരുദാനന്തര ബിരുദത്തിന് 49,500, പിഎച്ച്.ഡിക്ക് 49,900 രൂപ എന്നിങ്ങനെ ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കുകയായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ കുറച്ചത്.


