അന്നമനട കലൂർ ചകിരിനാര് ഫാക്ടറിക്ക് നല്ലകാലം വരുമോ?; കാടു പിടിച്ച് ഫാക്ടറി പരിസരം
text_fieldsപ്രവർത്തനം നിലച്ച അന്നമനട കല്ലൂർ ചകിരിനാര് ഫാക്ടറി
മാള: അന്നമനട കലൂർ ചകിരിനാര് കൈത്തറി ഫാക്ടറി പുനർനിർമാണം എങ്ങുമെത്തിയില്ല. നിലവിൽ ഫാക്ടറി തുരുമ്പെടുക്കുകയാണ്. 2018ലെ പ്രളയത്തിലാണ് ഈ സ്ഥാപനം അടച്ചുപൂട്ടിയത്. അന്നമനട വാർഡ് മൂന്നിൽ പതിറ്റാണ്ടിലധികമായി പ്രവർത്തിച്ചിരുന്ന സംഘത്തിൽ രണ്ട് ഡസൻ തൊഴിലാളികളാണുണ്ടായിരുന്നു. 2019ൽ ഫാക്ടറി തുറന്ന് പ്രവർത്തനമാരംഭിക്കുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചിരുന്നത്. ചകിരിനാര് ഉൽപാദനമാണ് ഇവിടെ നടന്നിരുന്നത്.
രണ്ട് ഏക്കറോളം വരുന്ന ഭൂമിയിലാണ് ഫാക്ടറി. ഇവിടെനിന്നും ചകിരിനാര് വേർതിരിച്ചെടുത്ത് ഉണക്കി നിർമാണം നടത്തി വെള്ളൂർ കൈത്തറി സംഘത്തിനും കൊടുങ്ങല്ലൂർ സംഘത്തിനും തുടങ്ങി ജില്ലയിലെ പല കൈത്തറി സംഘങ്ങൾക്കും കയറ്റി അയച്ചിരുന്നു. തൊഴിൽ നഷ്ടപ്പെട്ടവർ മറ്റു മേഖലകളിലേക്ക് നീങ്ങി. എസ്.സി വിഭാഗത്തിന് അനുവദിച്ചുനൽകിയതാണ് ഫാക്ടറി. സഹകരണ സംഘത്തിന്റെ പ്രവർത്തനവും കുറ്റമറ്റ രീതിയിലാണ് നടന്നതെന്ന് തൊഴിലാളിയായ സോമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഫാക്ടറി പരിസരം കാടുപിടിച്ച് കിടക്കുകയാണ്. ആവശ്യമായ ചകിരി ലഭ്യമല്ലാത്തതാണ് ഫാക്ടറി തുറക്കാൻ കഴിയാത്തതെന്ന് തൊഴിലാളികളെ സംഘം ഭാരവാഹികൾ അറിയിച്ചിരുന്നതായി പറയുന്നത്. എസ്.സി വിഭാഗത്തിന്റെ ഉന്നമനത്തിന് ഉതകുന്ന മറ്റു പദ്ധതികൾ കണ്ടെത്തി ഉപയോഗപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.