തലചായ്ക്കാനുള്ള ഭവനം എന്ന സ്വപ്നം ബാക്കിയാക്കി ചിത്രകാരന്റെ മടക്കം
text_fieldsരാധാകൃഷ്ണൻ
പെരുമ്പിലാവ്: തലചായ്ക്കാൻ സ്വന്തമായി വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ പ്രതീക്ഷയിൽ കഴിഞ്ഞ കലാകാരൻ ഒടുവിൽ അതും നിറവേറി കാണാതെ മരണത്തിന് കീഴടങ്ങി. ആൽത്തറ കുടമുക്കിൽ താമസിക്കുന്ന തലപ്പിള്ളി പറമ്പിൽ രാധാകൃഷ്ണനാണ് (52) ശനിയാഴ്ച വൈകീട്ട് മരിച്ചത്. പനി ബാധിച്ച് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. പെയിൻറിങ് ചിത്രകലാകാരനായ ദിനകല രാധാകൃഷണന് ഭാര്യയും അമ്മയും അടങ്ങുന്നതായിരുന്നു കുടുംബം. പുറമ്പോക്ക് ഭൂമിയിൽ താൽക്കാലികമായി നിർമിച്ച ഷെഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
സ്ഥലത്തിന് പട്ടയം ലഭിച്ചിട്ടും വീടിന് പഞ്ചായത്തിൽ പലതവണ അപേക്ഷ നൽകിയിട്ടും പരിഗണിച്ചിരുന്നില്ല. ഏറെ നാളുകളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായ ഒരു വീട്. പ്രതിക്ഷ കൈവിടാതെ പലതവണ അധികാരികളെ സമീപിച്ചെങ്കിലും ഈ നിർധന കുടുംബത്തിന് യാതൊരു സഹായവും ലഭിച്ചില്ല. ഈ സാഹചര്യത്തിലായിരുന്നു ഇൻകാസ് കമ്മിറ്റിയിലേക്ക് അപേക്ഷ സമർപ്പിച്ചത്.
കെ.പി.സി.സിയുടെ 1000 ഭവനം പദ്ധതിയിലേക്ക് ഇൻകാസ് നിർമിച്ചു നൽകുന്നതിൽ ഉൾപ്പെടുത്തിയാണ് സ്വന്തമായ വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ദുബൈ ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന വീടിന് (പൂർണ ചന്ദ്രഭവൻ) അഞ്ചുദിവസം മുമ്പാണ് മുൻ എം.പി രമ്യ ഹരിദാസ് തറക്കല്ലിട്ടത്. ആറുമാസത്തിനുള്ളിൽ ഭവന നിർമാണം പൂർത്തീകരിച്ച് നൽകുമെന്നായിരുന്നു തീരുമാനം. ആ പ്രതീക്ഷക്ക് കാത്തു നില്‍ക്കാതെയാണ് കലാകാരൻ യാത്രയായത്. സംസ്കാരം പിന്നീട്. മാതാവ്: തങ്ക. ഭാര്യ: രമ.