നിയമസഭ തെരഞ്ഞെടുപ്പ്; ജില്ലയിലെ സീറ്റുകളിൽ പാർട്ടികളിൽ ഏകദേശ ധാരണ
text_fieldsതൃശൂർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആസന്നമായിരിക്കെ രാഷ്ട്രീയപാർട്ടികളിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ തകൃതിയായി. തൃശൂർ ജില്ലയിൽ മൂന്ന് മുന്നണികളിലും സ്ഥാനാർഥി നിർണയം ഏകദേശം പൂർത്തിയായി. തെരഞ്ഞെടുപ്പ് കമീഷൻ തീയതി പ്രഖ്യാപിച്ച് 24 മണിക്കൂറിനകം യു.ഡി.എഫ് മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞത്.
മുൻ എം.പിയും എ.ഐ.സി.സി സെക്രട്ടറിയുമായ ടി.എൻ. പ്രതാപൻ അടക്കം ഇക്കുറി കോൺഗ്രസിൽനിന്ന് ജില്ലയിൽ കളത്തിലിറങ്ങും. ഗുരുവായൂർ മണ്ഡലം ലീഗിൽനിന്ന് തിരികെ പിടിച്ച് കോൺഗ്രസ് മത്സരിക്കണമെന്ന നിലക്കുള്ള ആവശ്യമൊക്കെ തുടക്കത്തിൽ ഉയർന്നിരുന്നു. ടി.എൻ. പ്രതാപൻ മത്സരിക്കാൻ എത്തുന്നതും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ ഉയർന്ന ഭൂരിപക്ഷം നേടിയതും ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യമുയർത്തൽ. എന്നാൽ, അവസാന നിമിഷം ഇതിന് സാധ്യതയില്ല എന്നാണറിയുന്നത്.
പ്രതാപൻ മണലൂരിൽ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദായിരിക്കും ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർഥി. തൃശൂർ, ഒല്ലൂർ മണ്ഡലങ്ങളിൽ സ്ഥാനാർഥിത്വത്തിന് വേണ്ടി കടുത്ത പിടിവലി കോൺഗ്രസിൽ നടക്കുന്നുണ്ട്.
അതേസമയം, മണലൂർ മണ്ഡലത്തിലൊഴികെ സിറ്റിങ് സീറ്റുകളിൽ എം.എൽ.എമാർ തന്നെ മത്സരിക്കാനാണ് സി.പി.എമ്മിൽ ധാരണയായത്. മണലൂരിലേക്ക് യു.ഡി.എഫ് സ്ഥാനാർഥിയായി ടി.എൻ. പ്രതാപൻ വരുന്നതിനെ തുടർന്നാണ് ഇവിടെ മുരളി പെരുനെല്ലി എം.എൽ.എയെ മാറ്റി പകരം മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ സി. രവീന്ദ്രനാഥിന്റെ പേര് പരിഗണിക്കുന്നത്.
ചാലക്കുടി പതിവുപോലെ കേരള കോൺഗ്രസ് (എം)ന് തന്നെ നൽകാനാണ് എൽ.ഡി.എഫിൽ ധാരണ. ചേലക്കര, വടക്കാഞ്ചേരി, ഗുരുവായൂർ, പുതുക്കാട്, ഇരിങ്ങാലക്കുട, കുന്നംകുളം എന്നീ മണ്ഡലങ്ങളിൽ നിലവിലെ എം.എൽ.എമാർ തന്നെ മത്സരിക്കാനും സി.പി.എമ്മിൽ തീരുമാനമായതായാണ് വിവരം.
റവന്യൂ മന്ത്രി കെ. രാജൻ സി.പി.ഐ സ്ഥാനാർഥിയായി ഒല്ലൂരിൽ തന്നെയുണ്ടാകും. തൃശൂർ എം.എൽ.എ പി. ബാലചന്ദ്രനെ മാറ്റിയേക്കും.
സി.പി.എമ്മിന്റെ കൂടി നിർദേശപ്രകാരമാകും തൃശൂർ മണ്ഡലത്തിൽ സ്ഥാനാർഥിയെ പരിഗണിക്കുക. മുൻ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ അടക്കം സി.പി.ഐയിൽനിന്ന് മത്സരിക്കാനുണ്ടാകുമെന്നാണറിയുന്നത്.
ഇടതു-വലതു മുന്നണികളേക്കാൾ വളരെ നേരത്തേ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ബി.ജ.പിയിൽ തൃശൂരിൽ പത്മജ വേണുഗോപാൽ സീറ്റ് ഉറപ്പിച്ചു. അവർ മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിവെച്ചിട്ടുണ്ട്.
ഓരോ തെരഞ്ഞെടുപ്പിനും ഓരോ സ്ഥലങ്ങളിൽ മാറിമാറി വോട്ട് ചെയ്യുന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് ഇക്കുറി ഗുരുവായൂർ മണ്ഡലത്തിലാണ് വോട്ട്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കുതന്ത്രങ്ങളുടെ ഭാഗമാണ് അതെന്നാണ് എതിരാളികൾ പ്രചരിപ്പിക്കുന്നത്.
മറ്റു മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയം ഏകദേശ ധാരണയായതായി എൻ.ഡി.എ നേതാക്കൾ പറയുന്നു. സി.പി.എമ്മിന് ഏഴും സി.പി.ഐക്ക് അഞ്ചും കോൺഗ്രസിന് ഒരു എം.എൽ.എയുമാണ് നിലവിൽ ജില്ലയിലുള്ളത്.
തെരഞ്ഞെടുപ്പ് കമീഷൻ കൊച്ചിയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഔദ്യോഗിക യോഗങ്ങൾ പൂർത്തിയാക്കി ഒമ്പത്, 10 തീയതികളിൽ ബംഗാൾ സന്ദർശനവും നടത്തിയ ശേഷം അടുത്ത ആഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.


