മാലിന്യംപേറി 73 വർഷം; ദുരിതമൊഴിയാതെ ചക്കംകണ്ടം
text_fieldsചാവക്കാട്: 1952ൽ ഗുരുവായൂരിൽ ആദ്യ ലോഡ്ജ് നിലവിൽ വന്നതുമുതൽ വലിയ തോട് വഴി ചക്കംകണ്ടത്തേക്ക് ഒഴുകിത്തുടങ്ങിയതാണ് ഗുരുവായൂരിൽനിന്നുള്ള കക്കൂസ് മാലിന്യം. പേരിന് ചില പദ്ധതികൾ വന്നെങ്കിലും 2025ലും കക്കൂസ് മാലിന്യം ചക്കംകണ്ടം നിവാസികളുടെ ജീവിതം ദുരിതത്തിലാക്കിക്കൊണ്ടേയിരിക്കുന്നു.
1973ലാണ് ഗുരുവായൂരിലെ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്. അത് ചക്കംകണ്ടത്ത് ആക്കാൻ തീരുമാനമായതോടെ പ്രദേശവാസികളുടെ സമരങ്ങൾക്കും തുടക്കമായി. പ്രതിഷേധങ്ങൾക്കൊടുവിൽ 26 വർഷങ്ങൾക്കുശേഷം 1999ൽ പി.ടി. കുഞ്ഞുമുഹമ്മദ് എം.എൽ.എയായിരുന്ന കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് സംസ്കരണശാലക്ക് തറക്കല്ലിട്ടത്. എന്നാൽ, 2006ൽ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എയായിരുന്ന കാലത്താണ് പ്ലാന്റിന്റെ നിർമാണപ്രവർത്തനം പുരോഗമിക്കുന്നത്. എന്നാൽ, 15 വർഷം പിന്നിട്ടിട്ടും പ്ലാന്റ് പ്രവർത്തനഘട്ടത്തിലെത്തിക്കാൻ കെ.വി. അബ്ദുൾ ഖാദറിന് കഴിഞ്ഞില്ല. മാലിന്യക്കായല്‍ എന്ന പേരുദോഷം മാറ്റാന്‍ ചക്കംകണ്ടം കായല്‍ പ്രദേശത്ത് ടൂറിസം പദ്ധതികളൊരുക്കുമെന്ന 2021ലെ ഗുരുവായൂര്‍ നഗരസഭ അധികൃതരുടെയും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും പ്രസ്താവനകളും കടലാസിലൊതുങ്ങി.
2022 ഏപ്രിൽ 16ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. മൂന്നു ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റിന് ജില്ലയിലെ ആദ്യ സംസ്കരണ പ്ലാന്റ് എന്ന സവിശേഷതയുമുണ്ടായിരുന്നു. 1973ല്‍ 4.35 കോടി രൂപയാണ് സർക്കാർ പദ്ധതിക്ക് വകയിരുത്തിയത്. എന്നാൽ, 2022ൽ ഉദ്ഘാടനം ചെയ്യുമ്പോൾ തുക 21.80 കോടി രൂപയിലെത്തി.
ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസത്തിനകം ഗുരുവായൂർ അഴുക്കുചാൽ പദ്ധതി പരാജയമെന്ന് എൻ.കെ. അക്ബർ എം.എൽ.എ നിയമസഭയിൽ പ്രസ്താവിച്ചു. പദ്ധതിയുടെ പല ഘടകങ്ങളും വർഷങ്ങൾക്കുമുമ്പ് നിർമിക്കപ്പെട്ടതിന്റെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് എം.എൽ.എ സബ്മിഷനിൽ അറിയിച്ചത്. പ്രധാന പമ്പ് ഹൗസിൽനിന്ന് സ്വീവേജ് ശുദ്ധീകരണശാലയിലേക്കുള്ള പമ്പിങ് പൈപ്പ് കമീഷന് ചെയ്തശേഷം ആറു തവണ പൊട്ടിയിരുന്നു. ഇതുമൂലം റോഡുകള്‍ പലയിടങ്ങളിലും പൊളിക്കേണ്ടിവരുന്നത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. 1800 മീറ്റര്‍ നീളത്തിലുള്ള ഈ പമ്പിങ് പൈപ്പ് മാറ്റാൻ സ്റ്റേറ്റ് പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമർപ്പിച്ച രണ്ടു കോടിയുടെ എസ്റ്റിമേറ്റിന് മൂന്നുവർഷം കഴിഞ്ഞിട്ടും അംഗീകാരം നൽകിയിട്ടില്ല.
രാവിലെ ആറു മുതൽ രാത്രി പത്തുവരെ എട്ടു മണിക്കൂർ വീതം രണ്ടു ഷിഫ്റ്റായിട്ടാണ് നിലവിൽ പ്ലാന്റിന്റെ പ്രവർത്തനം. എയറേഷൻ ടാങ്കിലേക്ക് മാലിന്യം പമ്പ് ചെയ്യുന്ന രണ്ടു മോട്ടോർ പമ്പുകളിൽ ഒരെണ്ണം നിരന്തരം പണിമുടക്കിലാണ്. നാലു ബ്ലോവറുകളിൽ (കംപ്രസർ) രണ്ടെണ്ണം പ്രവർത്തനരഹിതമാണ്. രണ്ടു ക്ലാരിഫൈർ ബ്രിഡ് വീൽസുകളിൽ ഒന്ന് മാത്രമേ പ്രവർത്തനക്ഷമമായിട്ടുള്ളൂ.
മൂന്ന് കാർബൺ ഫിൽറ്റർ സിലിണ്ടറുകളിൽ ഒന്ന് പൂർണമായും മറ്റു ചിലത് ഭാഗികമായും പ്രവർത്തിക്കുന്നില്ല. മലിനീകരണ പരിശോധനക്കുവേണ്ടിയുള്ള ലാബ് സിസ്റ്റവും പ്രവർത്തിക്കുന്നില്ല. കറുത്തിരുണ്ട് കട്ടിയായി വരുന്ന മലിനജലം കട്ടികുറഞ്ഞ കറുത്ത വെള്ളമാക്കി ചക്കംകണ്ടം കായലിലേക്ക് ഒഴുക്കിവിടുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്.
പ്രധാന പമ്പിങ് പൈപ്പ് പൊട്ടുന്ന സാഹചര്യത്തിൽ കക്കൂസ് മാലിന്യം ടാങ്കർ ലോറികളിൽ പ്ലാന്റിൽ എത്തിക്കാനാണ് ഗുരുവായൂർ നഗരസഭ ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്. സി.പി.ഐ കൗൺസിലർമാരുടെ വിയോജിപ്പോടെയാണ് നഗരസഭ തീരുമാനം. ടാങ്കറിലെത്തുന്ന മാലിന്യം സ്വീകരിക്കാൻ 5000 ലിറ്ററിന്റെ ഡയല്യൂഷൻ ടാങ്കും തയാറായിട്ടുണ്ട്.
14 കിലോമീറ്റർ നീണ്ടു പരന്നുകിടക്കുന്ന കായലിന്റെ ഇരുകരകളിലുമായി ചാവക്കാട് നഗരസഭയും തൈക്കാട്, പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂർ കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകളുമാണുള്ളത്. കാട്ടുപാടത്തുനിന്ന് ആരംഭിച്ച് അങ്ങാടിത്താഴത്ത് (ചക്കംകണ്ടം) എത്തുന്ന വലിയതോട്ടിലൂടെ ആദ്യമൊക്കെ മഴവെള്ളം മാത്രമാണ് ഒഴുകിയിരുന്നത്. സമീപവാസികൾ കുളിക്കാനും വസ്ത്രം കഴുകാനും പാത്രം കഴുകാനും ആശ്രയിച്ചിരുന്നത് ഈ തോടിനെയായിരുന്നു. കായലിൽനിന്ന് മീൻപിടിച്ചും കക്ക വാരിയും ചളി കുത്തിവിറ്റും പൊക്കാളി കൃഷിചെയ്തും ചകിരി പൂഴ്ത്തിയും ചകിരി തല്ലി നാരാക്കിയും കയറുപിരിച്ചും ജീവിച്ചിരുന്നവരുടെ തൊഴിൽ മാലിന്യം മൂലം നഷ്ടപ്പെട്ടു.