ക്ഷീരഫാമിന്റെ മറവിൽ കഞ്ചാവ് കച്ചവടം: രണ്ടുപേർ പിടിയിൽ
text_fieldsഷെമിൽ, കുരുവിള
ചാലക്കുടി: വളർത്തുമൃഗ പരിപാലനത്തിന്റെയും മത്സ്യകൃഷിയുടെയും മറവിൽ കഞ്ചാവ് വിൽപന നടത്തി വന്നിരുന്ന രണ്ടുപേർ അറസ്റ്റിൽ. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡി.വൈ.എസ്.പി പി.സി ബിജു കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. തൃശൂർ ചിയ്യാരം സ്വദേശി മലയാംകുടി വീട്ടിൽ ‘കാക്കപ്പൻ ശംഭു’ എന്നറിയപ്പെടുന്ന ഷാമിൽ (34 ), പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശി തെക്കൻ വീട്ടിൽ കുരുവിള (34) എന്നിവരാണ് അറസ്റ്റിലായത്.
ഏതാനും നാളുകളായി കാഞ്ഞിരപ്പിള്ളിയിലെ കുരുവിളയുടെ ഉടമസ്ഥതയിലുള്ള ഫാമും പരിസരവും ജില്ല ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. പുലർകാലങ്ങളിൽ ഇവിടേക്ക് വാഹനങ്ങൾ വരുന്നതും പോകുന്നതും കണ്ടെത്തിയ അന്വേഷണ സംഘം പന്ത്രണ്ടേക്കറോളം വരുന്ന ഫാമിൽ വേഷപ്രച്ഛന്നരായി എത്തിയാണ് ഇരുവരേയും പിടികൂടിയത്. ഇവരിൽ നിന്നും മീൻതീറ്റ എന്ന വ്യാജേന സൂക്ഷിച്ച മുന്നൂറിലേറെ ഗ്രാം കഞ്ചാവ് പിടികൂടി.
കഞ്ചാവ് വിറ്റു കിട്ടിയ 1,500 രൂപയും പിടിച്ചെടുത്തു. ഷെമിൽ ചാലക്കുടി പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് വിൽപനക്കായി കൈവശം സൂക്ഷിച്ചതിനുള്ള കേസിലെയും നെടുപുഴ പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലെയും പ്രതിയാണ്. കുരുവിള ചാലക്കുടി പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനുള്ള കേസിലും മദ്യലഹരിയിൽ മറ്റൊരാളുടെ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലെയും പ്രതിയാണ്.
ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് ടീമംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ്, സുർജിത് സാഗർ, ചാലക്കുടി എസ്.ഐ. ഇ.ആർ. സിജുമോൻ, സി.പി.ഒ മാരായ സലീഷ് മോൻ, മിഥുൻ, സജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.