തെർമൽ കാമറ ഉപയോഗിച്ച് പുലിയെ കണ്ടെത്താൻ ശ്രമം
text_fieldsഡി.എഫ്.ഒയുടെ നേതൃത്വത്തിൽ തെർമൽ കാമറ ഉപയോഗിച്ച് പുലിയുടെ ചലനങ്ങൾ
കണ്ടെത്താൻ ശ്രമിക്കുന്നു
ചാലക്കുടി: ഡ്രോൺ പറത്തി തെർമൽ കാമറ ഉപയോഗിച്ച് പുലിയെ കണ്ടെത്താൻ വനം വകുപ്പ് ശ്രമം ആരംഭിച്ചു. ചാലക്കുടി ഡി.എഫ്.ഒ എം. വെങ്കിടേശന്റെ നേതൃത്വത്തിൽ ഞായറാഴ്ച പുലർച്ചയാണ് തെർമൽ കാമറയുള്ള ഡ്രോൺ പറത്തിയത്. പുലി ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തിയത്.
രാത്രിയിലെ നിശ്ശബ്ദതയിൽ മറ്റെല്ലാ ചലനങ്ങളും നിലക്കുമ്പോൾ ഇരുട്ടിൽ കാടുപിടിച്ച സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന ജീവികളെ തെർമൽ കാമറ ഉപയോഗിച്ച് കണ്ടെത്താൻ കഴിയും. ജീവികളുടെ ശരീരം പുറപ്പെടുവിക്കുന്ന താപത്തെ ആധാരമാക്കി തെർമൽ കാമറ ഫോക്കസ് ചെയ്യുന്ന നിശ്ചിത സ്ഥലത്തെ ജീവികളെ ഈ അത്യാധുനിക സംവിധാനം വഴി കണ്ടെത്താനാകും.
നിരീക്ഷണത്തിൽ ഞായറാഴ്ച പുലർച്ചെ പുലിയെ കണ്ടെത്താൻ സാധിച്ചില്ല. പുലിയുടെ ചലനങ്ങൾ നിരീക്ഷിക്കാനുള്ള ശ്രമം തിങ്കളാഴ്ച പുലർച്ചയും തുടരും. പുലി ചാലക്കുടി മേഖലയിൽ ഉണ്ടെന്ന നിഗമനത്തിൽ വനംവകുപ്പ് ഉണർന്ന് പ്രവർത്തിക്കുകയാണ്. സാധ്യമായ എല്ലാ രീതികളും അവലംബിക്കാൻ സമ്മർദവുമുണ്ട്.
കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വനം വകുപ്പിന് നേരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. പുലിക്കായി ഒരു ഭാഗത്തുമാത്രം തെരച്ചിൽ നടത്തിയാൽ പോരെന്നും കൂടുതൽ ആർ.ആർ.ടി സംഘാംഗങ്ങളെ ചേർത്ത് എല്ലാ മേഖലയിലും ഒരുമിച്ച് അന്വേഷണം നടത്തണമെന്നുമാണ് അഭിപ്രായം. നാട്ടുകാരിൽനിന്നുള്ള സന്നദ്ധ സംഘങ്ങളെയും തെരച്ചിലിന്റെ ഭാഗമാക്കാനും ആലോചനയുണ്ട്. തുടർ നടപടികളുടെ ഭാഗമായി ചാലക്കുടിയിൽ പുലിയെ വീഴ്ത്താൻ രണ്ട് കൂടുകൾ സ്ഥാപിക്കും. അതിലൊന്ന് ഉടൻ തന്നെ എത്തിക്കും.
കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി കൊരട്ടിയിലും ചാലക്കുടിയിലും പുലിക്കായി തെരച്ചിൽ തുടരുന്നത്. പുലിയുടെ സാന്നിധ്യം ഈ മേഖലയിൽ ഉണ്ടായി എന്ന ശക്തമായ സൂചനകൾ വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളാണ് ഇതിൽ പ്രധാനം. അതോടൊപ്പം കാൽപ്പാടുകളും. ഒരു പുലിയാണ് പ്രദേശത്തുള്ളതെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നിട്ടുള്ളത്. ഏറ്റവും ഒടുവിൽ ചാലക്കുടിയിലാണ് പുലിയെ കണ്ടത് എന്നതിനാൽ പുലിയെ പിടികൂടാനുള്ള സന്നാഹങ്ങൾ ചാലക്കുടി കേന്ദ്രീകരിച്ച് നടത്തുകയാണ്.