ചാലക്കുടി നഗരസഭയിലും നാല് പഞ്ചായത്തിലും യു.ഡി.എഫിന് മേൽക്കൈ; മൂന്നിടത്ത് എൽ.ഡി.എഫ്
text_fieldsചാലക്കുടി: ലോക്സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി നിയമസഭ മണ്ഡലത്തിലെ ആകെയുള്ള എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ ചാലക്കുടി നഗരസഭ, കൊരട്ടി, കാടുകുറ്റി പരിയാരം, കോടശ്ശേരി പഞ്ചായത്തുകളിൽ യു.ഡി.എഫിനും കൊടകര, അതിരപ്പിള്ളി, മേലൂർ പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് മേൽക്കൈ. നിലവിൽ ആറ് പഞ്ചായത്തുകൾ എൽ.ഡി.എഫ് ഭരിക്കുമ്പോൾ യു.ഡി.എഫ് ചാലക്കുടിയിലെ രണ്ട് പഞ്ചായത്തുകൾ മാത്രമാണ് ഭരിക്കുന്നത്.യു.ഡി.എഫിന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ചാലക്കുടി നഗരസഭയിലും കോടശ്ശേരിയിലും. അതേസമയം, എൽ.ഡി.എഫിന് കൂടുതൽ വോട്ട് ലഭിച്ചത് ചാലക്കുടി നഗരസഭയിലും കൊടകരയിലും.
യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബഹനാന് ചാലക്കുടിയിൽ 13,123 വോട്ടും കോടശേരി പഞ്ചായത്തിൽ 8088 വോട്ടും ലഭിച്ചു. ഈ രണ്ട് തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് യു.ഡി.എഫ് ആണ്. എൽ.ഡി.എഫ് 9633 വോട്ട് ചാലക്കുടി നഗരസഭയിലും 8282 വോട്ട് കൊടകരയിലും നേടി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എൽ.ഡി.എഫ് ഭരിക്കുന്ന കൊരട്ടി പഞ്ചായത്തിൽ ബെന്നി ബഹനാൻ 1000ഓളം വോട്ടുകൾ അധികം പിടിച്ചിട്ടുണ്ട്. കൊരട്ടിയിൽ 7542, 6582 എന്നിങ്ങനെയാണ് യഥാക്രമം യു.ഡി.എഫും എൽ.ഡി.എഫും നേടിയത്. ഇപ്പോൾ എൽ.ഡി.എഫ് ഭരിക്കുന്ന കാടുകുറ്റി പഞ്ചായത്തിൽ 2000ൽ പരം വോട്ടുകൾ ബെന്നി ബഹനാൻ അധികമായി പിടിച്ചു. യഥാക്രമം യു.ഡി.എഫ്, എൽ.ഡി.എഫ് എന്നിവർക്ക് ഇവിടെ 7050, 5334 വോട്ടുകൾ ആണ് ലഭിച്ചത്. എൽ.ഡി.എഫ് ഭരിക്കുന്ന പരിയാരത്തും 1000ൽ പരം വോട്ടുകൾക്ക് യു.ഡി.എഫ് മുന്നിട്ടുനിൽക്കുന്നു. 6224, 5028 എന്നിങ്ങനെ വോട്ടുകളാണ് യഥാക്രമം രണ്ടുപാർട്ടികൾക്കും ലഭിച്ചത്. എൽ.ഡി.എഫ് ഭരിക്കുന്ന കൊടകരയിലും അതിരപ്പിള്ളിയിലും മേലൂരിലുമാണ് എൽ.ഡി.എഫിന് മേൽക്കൈ ലഭിച്ചത്. അതിരപ്പിള്ളിയിൽ 400ഓളം വോട്ടുകൾക്കും മേലൂരിൽ 300ൽ താഴെ നേരിയ വ്യത്യാസത്തിനും ബെന്നി ബഹനാൻ പിന്നിലായി.